ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഇനി കേരളത്തിൽ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മറ്റൊരു നേട്ടത്തിന്റെ നിറവിൽ.രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് എന്ന ഖ്യാതിയാണ് കൊച്ചി വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്. 41 ഗസ്റ്റ് റൂമുകളും ബോർഡ് റൂമുകളും കോൺഫറൻസ് ഹാളുകളും കോ-വർക്കിങ് സ്പേസും പ്രത്യേക കഫേ ലോഞ്ചും ജിമ്മും ലൈബ്രറിയും സ്പായും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ എയ്റോ ലോഞ്ച് നിർമിച്ചിരിക്കുന്നത്. യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം അനുവദിക്കുന്ന ''0484 എയ്‌റോ ലോഞ്ച്' സെപ്തംബർ 1 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. 2022ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം, 2000ത്തിലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങളാണ് സിയാൽ കൈകാര്യം ചെയ്തിട്ടുള്ളത്.
ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിലാണ് '0484 എയ്‌റോ ലോഞ്ച്' പ്രവർത്തിക്കുക. കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം’ എന്ന വിപ്ലവകരമായ ആശയത്തിലൂന്നി നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവം യാത്രക്കാർക്ക് നൽകാനാണ് സിയാൽ ലക്ഷ്യമിടുന്നത്.
അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 37 റൂമുകൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, കോ-വർക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററൻറ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നീ സൗകര്യങ്ങൾ വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.
രണ്ടാം ടെർമിനലിൽ പ്രവർത്തിക്കുന്ന എയ്‌റോ ലോഞ്ചിന് മിതമായ നിരക്കേ ഈടാക്കൂ. സെക്യൂരിറ്റി ഹോൾഡിങ് ഏരിയക്ക്കു പുറത്ത്, ആഭ്യന്തര - അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപമാണ് ലോഞ്ച്. യാത്രക്കാർക്കും അല്ലാത്തവർക്കും സൗകര്യം ഉപയോഗിക്കാമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.
അന്താരാഷ്ട്ര ടെർമിനൽ വികസനം, കൂടുതൽ ഫുഡ്‌കോർട്ടുകൾ, ലോഞ്ചുകൾ എന്നിവയുടെ നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിക്കുന്നു. 2022 ൽ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമീഷൻ ചെയ്തശേഷം, രണ്ടായിരത്തിലേറെ സ്വകാര്യ ജെറ്റുകളാണ് സിയാൽ കൈകാര്യം ചെയ്തിട്ടുള്ളത്.