മുകേഷിനെതിരെ പീഡന പരാതിയിൽ കേസ്; എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആനി രാജ
കൊച്ചി: നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കൊല്ലം എംഎൽഎയും ചലച്ചിത്ര താരവുമായ മുകേഷിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്ത പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു.
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പോലീസ് പീഡന പരാതിയിൽ കേസെടുത്തത്. നേരത്തെ നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. മറ്റുചില താരങ്ങൾക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെയും കേസെടുത്തേക്കും.
സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിതാ ബീഗം , ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യ, മുകേഷ് ഉൾപ്പെടെ സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. ഇതിൽ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണ് ഇത്. ആരോപണങ്ങൾക്കടിസ്ഥാനമായ സംഭവങ്ങൾ നടന്നിട്ട് വർഷങ്ങളായതിനാൽ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഇനിയുള്ളത്.