മുകേഷ് വിഷയത്തിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുകേഷ് വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർകത്തകരെയാണ് സുരേഷ് ഗോപി കയ്യേറ്റം ചെയ്തത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് തന്നെ മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും മാറി നിൽക്കാനും സുരേഷ് ഗോപി രൂക്ഷമായി ആവശ്യപ്പെട്ടു.
മുകേഷ് വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് ഗോപിയെ തള്ളി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം ആരാഞ്ഞത്. എന്നാൽ പ്രകോപിതനായി സിനിമാ സ്റ്റൈലിൽ ഡയലോഗ് പറഞ്ഞ് പോകാൻ ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് രാമനിലയത്തിൽ കണ്ടത്.
രാവിലെ വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നും നിങ്ങളാണോ കോടതി എന്നതടക്കമുള്ള ചോദ്യങ്ങൾ തിരിച്ചുചോദിച്ചാണ് സുരേഷ് ഗോപി ക്ഷുഭിതനായത്. പാർട്ടി നിലപാടിന് വിരുദ്ധമായി മുകേഷിനെ പിന്തുണച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
GKUYTTRT