വയനാട് ദുരന്തത്തിനുശേഷം മേപ്പാടിയിൽ സ്‌കൂളുകള്‍ തുറന്നു


വയനാട്ടിൽ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മേപ്പാടി ഗവ. എല്‍പി സ്‌കൂള്‍, മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്ലാസ് ആരംഭിച്ചത്. ഒരു മാസക്കാലയളവിന് ശേഷം സ്‌കൂളുകളിലെത്തിയ വിദ്യാര്‍ഥികള്‍ മഹാദുരന്തത്തില്‍ തങ്ങളെ വിട്ടുപിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ഹീന, പ്ലസ്‌വണ്‍ വിദ്യാര്‍ഥികളായ മുഹമ്മദ് നൈഷാന്‍, ശരണ്‍ എന്നിവര്‍ വയനാട് ദുരന്തത്തില്‍ പൊലിഞ്ഞുപോയിരുന്നു. സ്‌കൂള്‍ അസംബ്ലി ചേര്‍ന്ന് ഇവരെ അനുസ്മരിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയുമുണ്ടായി.

ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ്എസിലും മുണ്ടക്കൈ ജിഎല്‍പി സ്‌കൂളിലും അടുത്ത മാസം രണ്ടിനാണ് ക്ലാസുകള്‍ തുടങ്ങുക. ജൂലൈ 30ന് ആണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുൾപ്പൊട്ടലുണ്ടായത്. ഒരൊറ്റ ദിവസം 500 ല്‍ അധികം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളില്ലാതായത്. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. താത്കാലിക പുനരധിവാസത്തിന്‍റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂളുകളില്‍ ക്ലാസ് ആരംഭിച്ചത്. എന്നാല്‍ തകര്‍ന്ന രണ്ട് സ്‌കൂളുകളിലെ അധ്യാപകരുടെ പുനര്‍വിന്യാസത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് കെഎസ്ആര്‍ടിസിയുമായി സഹകരിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. കളക്ടര്‍ അനുവദിച്ച പ്രത്യേക പാസുമായി സൗജന്യ യാത്ര നടത്താം. അപ്പോഴും ഏറെ ദൂരെ വാടകവീടുകള്‍ കിട്ടിയ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ മേപ്പാടിയില്‍ വന്നു പോകേണ്ട സ്ഥിതിയാണുള്ളത്.

അതിനിടെ, ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ മാറ്റിവെച്ചു. പ്രദേശത്തെ കനത്ത മഴയും കോടയുമാണ് കാരണം. ആനടിക്കാപ്പ് -സൂചിപ്പാറ മേഖലയിലായിരുന്നു ഇന്ന് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.

article-image

aerwfghdfhtegrgerswd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed