അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല.': ലൈംഗികാരോപണങ്ങൾ തള്ളി തുളസീദാസ്


തനിക്കെതിരായ ലൈംഗികാരോപണങ്ങൾ തള്ളി സംവിധായകൻ തുളസീദാസ്. സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് രണ്ട് പേരും. ഇപ്പോൾ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ല. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. ഗീത വിജയൻ എവിടെ കണ്ടാലും നന്നായി സംസാരിക്കുന്നയാളാണ്. ശ്രീദേവികയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്. അവരെ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ ദേഷ്യമാണോ ആരോപണത്തിന് പിന്നിലെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.

'ഇത് രണ്ടും എനിക്ക് മനസിലാകുന്നില്ല. ചാഞ്ചാട്ടത്തിൽ ഗീത വിജയൻ അഭിനയിക്കുന്നത് വളരെ സന്തോഷമായിട്ടാണ്. സന്തോഷമായി അഭിനയിച്ച് പോയ ഒരു വ്യക്തിയാണ്. സെറ്റിൽ ഗീത വിജയനുമായി പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. അവരുടെ കതകിൽ പോയി തട്ടിയിട്ടില്ല. അവിടെ മനോജ് കെ ജയനും ഉർവശിയും ഒക്കെയുണ്ടായിരുന്നു, വൈകുന്നേരമാകുമ്പോൾ സിദ്ദിഖ് മിക്കപ്പോഴും എന്റെ മുറിയിലുണ്ടാകും. സിനിമയുടെ ചർച്ചകളൊക്കെ നടക്കും. ഗീത വിജയനുമായും സംസാരിച്ചിട്ടാണ് സിദ്ദിഖ് പോകാറുള്ളത്. അങ്ങനെ വളരെ സന്തോഷമായി അവസാനിച്ച സിനിമയാണ്. അവസാനം കഴിഞ്ഞ് പോകുമ്പോഴും പരാതി ഇല്ലാതിരുന്നയാളാണ്. പല സ്ഥലത്തുവെച്ചും കണ്ടിട്ടുണ്ട്. വളരെ നന്നായി സംസാരിക്കാറുള്ള ഒരു നടിയാണ്. 1991ൽ നടന്ന വിഷയത്തിൽ ഇപ്പോൾ എന്തിനാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമല്ല.

ശ്രീദേവികയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്. ഞാൻ മുറിയിൽ പോയി കതകിൽ തട്ടി എന്നോ വാതിൽ തുറന്നപ്പോൾ പുറത്തുനിൽക്കുന്നത് കണ്ടെന്നോ മറ്റോ ആണ് പറഞ്ഞത്. അങ്ങനെ വാതിൽ തുറന്ന് കണ്ടെങ്കിൽ എന്നോട് ചോദിക്കാമല്ലോ എന്ത് വേണമെന്ന്. അതൊന്നും ഉണ്ടായിട്ടില്ല. നെല്ലിയാമ്പതിയിൽ സെക്കന്റ് ഷെഡ്യൂളിൽ പാട്ടും ഷൂട്ടുമൊക്കെ കഴിഞ്ഞ് ഷേക്ക് ഹാൻഡ് തന്ന് ഫോട്ടോയെടുത്ത് സന്തോഷത്തോടെ പോയ ആർട്ടിസ്റ്റാണ് അവർ. ഷൂട്ടിനിടയിൽ ഒരിക്കൽ വഴക്ക് പറഞ്ഞിരുന്നു. ഡ്രസ് ചേഞ്ചിന് ഒരു മണിക്കൂറെടുത്തപ്പോഴാണ് വഴക്ക് പറഞ്ഞത്. അന്ന് നന്നായി വഴക്ക് പറഞ്ഞു. ഉർവശിയെയും ശോഭനയേയും കണ്ട് പഠിക്കണമെന്നും അവരൊക്കെ ഡ്രസ് ചേഞ്ച് ചെയ്ത് ഒരു മിനിറ്റ് കൊണ്ടാണ് വരുന്നതെന്നും സാഹചര്യം മനസിലാക്കി പ്രവർത്തിക്കുന്നവരാണെന്നും പറഞ്ഞിരുന്നു. അതിന്റെ ദേഷ്യം ചിലപ്പോൾ ഉള്ളിലുണ്ടാകാം. റൂം ഷിഫ്റ്റ് ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല. ഷൂട്ട് തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ റൂം മാറിയിരുന്നു. വഴക്ക് പറഞ്ഞതൊക്കെ ഇതിന് മുമ്പാണ്. സീൻ വെട്ടിക്കുറച്ചു എന്നൊക്കെ പറയുന്നത് മണ്ടത്തരമല്ലേ. ദേഷ്യം ഉണ്ടെന്ന് കരുതി ആരെങ്കിലും സീൻ വെട്ടിക്കുറക്കുമോ', തുളസീദാസ് പറയുന്നു.

തൻ്റെയനുഭവത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. ചാഞ്ചാട്ടം എന്നത് തന്റെ തുടക്കകാലമാണ്. സിനിമയിൽ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നതായിരുന്നു ചിന്ത. ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് അഭിപ്രായം. തെളിവുമായി വരട്ടെ. അന്വേഷിച്ച് തെളിയിക്കട്ടെയെന്നും തുളസീദാസ് കൂട്ടിച്ചേർത്തു.

article-image

FRHTGHJNFGRTDF

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed