രഞ്ജിത്തിനെ പേർത്ത് പിടിച്ച് സർക്കാർ; ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനെന്ന് മന്ത്രി സജി ചെറിയാൻ
ലൈംഗികാതിക്രമ ആരോപണത്തിൽ സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ പേർത്ത് പിടിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആക്ഷേപത്തിൽ കേസെടുക്കാനാകില്ല. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്നും മറിച്ച് പരാതി ലഭിച്ചാൽ എത്ര ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ല. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട് പ്രഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയൻ അത് തള്ളി. പരാതി ലഭിച്ചാൽ അന്വേഷിക്കും. ഇപ്പോള്‍ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രഞ്ജിത് ലൈംഗികമായി അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര പറഞ്ഞു.
സംഭവത്തിൽ നടി പരാതി നൽകുമെന്ന് സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. സംഭവദിവസം തന്നെ നടി തന്നോട് വിവരം പറഞ്ഞിരുന്നു. കെ ആർ മീരയ്ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖയെ ഓഡിഷനായി വിളിച്ചതല്ല. രഞ്ജിത്തിൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു ശ്രീലേഖയ്ക്ക് ദുരനുഭവമുണ്ടായത്. കെ ആർ മീരയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു. കെ ആർ മീര പൊതുവേദിയിൽ രഞ്ജിത്തിൻ്റെ പ്രവർത്തിയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നും ജോഷി ജോസഫ്പറഞ്ഞു
അതേസമയം ആരോപണങ്ങൾ തള്ളി രഞ്ജിത് രംഗത്തെത്തിയിരുന്നു. താൻ ആരോടും മോശമായി പെരുമാറിയിട്ടില്ല എന്നായിരുന്നു രഞ്ജിത്തിൻ്റെ പ്രതികരണം.
DSDSAADS