ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ തയ്യാർ ; മന്ത്രി സജി ചെറിയാൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ തയ്യാറെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് ഗൗരവമാണ് എന്നുള്ളതിൽ സർക്കാറിന് തർക്കമില്ല. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാൻ സർക്കാർ തയ്യാറാണ്. സർക്കാർ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ സംശയങ്ങൾക്കെല്ലാം മറുപടി പറയാനാകില്ല. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഭരണപരമായ കാര്യങ്ങൾ സർക്കാർ പരിശോധിച്ചു. കോൺക്ലേവിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഹൈക്കോടതി എന്ത് പറഞ്ഞാലും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. മന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തിൽ ഇപ്പോൾ മറുപടി പറയാനില്ല. ബാലഗോപാൽ പറഞ്ഞത് പോസിറ്റിവായിട്ടാണ് എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞത് കേട്ടിട്ടില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്നാണ് വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശം. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും ഹേമ കമ്മിറ്റിയിലെ വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
റിപ്പോർട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് നൽകണം. റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണം. റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ സ്വകാര്യത ഉറപ്പാക്കുമെന്നും കോടതി വ്യക്താക്കി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം കോൺക്ലേവിനെതിരെ വിമർശനം ഉന്നയിച്ച നടി പാർവതി തിരുവോത്തിനും മന്ത്രി മറുപടി പറഞ്ഞു. ഇരകളേയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നുവെന്ന പാർവതിയുടെ ആരോപണം തെറ്റിദ്ധാരണ മൂലമാണെന്നും കോൺക്ലേവ് ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുള്ളതല്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷ നേതാവ് തെറ്റിധാരണ പടർത്താനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ASASASA