ഹേമ കമ്മിറ്റി റിപ്പോർട്ട് : മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം : വി ഡി സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹേമ കമ്മിറ്റി നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ല. കത്ത് പുറത്തുവരുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിച്ചില്ലെന്നും വി ഡി സതീശൻ പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടരുത് എന്നല്ല ഹേമ കമ്മറ്റി ആവശ്യപ്പെട്ടത്, സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ്. നാലര കൊല്ലം മുമ്പ് കിട്ടിയ റിപ്പോർട്ട്, നടപടി എടുക്കാതെ കയ്യിൽ വെച്ചിരുന്ന മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി എന്നിവർ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ലൈംഗിക ചൂഷണത്തിന് വിധേയരായ സ്ത്രീകളുടെ പ്രതികരണം അടങ്ങുന്ന പെൻഡ്രൈവ് വരെ സർക്കാരിൻ്റെ കയ്യിൽ ഉണ്ടായിരുന്നു. എന്നിട്ടും നടപടി എടുത്തിട്ടില്ല. കുറ്റങ്ങളുടെ പരമ്പര തന്നെ നടന്നു, അതിൻ്റെ തെളിവുണ്ടായിട്ടും ഒരു നടപടിയും എടുത്തില്ല. എന്നിട്ടും കള്ളം പറയുകയാണ്. എന്നിട്ട് പറയുന്നു വേട്ടക്കാർക്കെതിരെ നടപടി എടുക്കുമെന്ന്. ഏത് വേട്ടക്കാരനെതിരെയാണ് സർക്കാർ നടപടിയെടുത്തത്. സിപിഐഎമ്മിൽ പരാതി വന്നാൽ പാർട്ടി ആണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
dgth