സര്‍ക്കാര്‍ ശ്രമിക്കുന്നത് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനെന്ന് വി ഡി സതീശൻ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നാലര വര്‍ഷം മുന്‍പ് കിട്ടിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അന്ന് വായിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നു.
പോക്‌സോ ഉള്‍പ്പെടെയുള്ള ലൈംഗിക ചൂഷണമാണ് നടന്നിരിക്കുന്നത്. എന്നിട്ടാണ് ഈ റിപ്പോര്‍ട്ട് വച്ച് ഒരു സിനിമ കോണ്‍ക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി പറയുന്നത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും കോണ്‍ക്ലേവാണോ നടത്തേണ്ടത്? ആരെയാണ് മന്ത്രി വിഡ്ഢികളാക്കുന്നത്? ചൂഷണം അവസാനിപ്പിക്കാന്‍ നടപടി ഇല്ലെങ്കിലും സിനിമ കോണ്‍ക്ലേവ് നടത്തുമെന്നു പറയുന്ന മന്ത്രിയെ കേരളം വിലയിരുത്തട്ടെ.
സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ഇരകളുടെ കൂടെയല്ല, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഒരു തൊഴിലിടത്ത് നടന്ന ചൂഷണ പരമ്പരയാണ്. നാലര വര്‍ഷം റിപ്പോര്‍ട്ടിന് മേല്‍ അടയിരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. ക്രിമിനല്‍ കുറ്റങ്ങളുടെ പരമ്പര മറച്ചുവച്ചതിലൂടെ ഗുരുതര കുറ്റകൃത്യം ചെയ്ത സര്‍ക്കാര്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ആരാണ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്? ഏത് പരുന്താണ് സര്‍ക്കാരിനും നീതിന്യായ വ്യവസ്ഥയ്ക്കും മേല്‍ പറക്കുന്നത്?മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ താല്‍പര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
adsdsdsdsa