കാഫിർ സ്ക്രീൻഷോട്ട് വിവാദം: അമ്പാടി മുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ പി. ജയരാജന്റെ വിശ്വസ്തൻ
കാഫിർ സ്ക്രീൻഷോട്ട് പോസ്റ്റ് ഷെയർ ചെയ്ത അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ വിശ്വസ്തൻ. മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിൻ. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്. നിലവിൽ ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗവും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ് മനീഷ്. ഇപ്പോൾ സി.പി.ഐ.എം നേതൃത്വത്തിലുള്ള മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് മനീഷ്. മനീഷിന് ലഭിച്ച സ്ക്രീൻഷോട്ട് അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആരോപണം ഉയർന്ന സാഹചര്യത്തിൽ മനീഷ് ആരോപണം നിഷേധിച്ചിരുന്നു. പക്ഷെ പിന്നീട് ഇയാൾ പ്രതികരിക്കാൻ തയാറായില്ല.
ഇതോടെ കാഫിർ വിവാദത്തിൽ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്ഐ നേതാവാണ് മനീഷ്. നേരത്തെ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെതിരേയും ആരോപണം ഉയർന്നിരുന്നു. സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. ഇതിനിടെ റിബേഷിന് പൂർണ പിന്തുണയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം രംഗത്തുവന്നു. കാഫിർ സ്‌ക്രീൻഷോട്ടിന്റെ പേരിൽ റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.
DFDGFGDF