ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈകോടതിയിൽ
കൊച്ചി: സിനിമ മേഖലയിലെ ലിംഗവിവേചനം സംബന്ധിച്ച അന്വേഷണം നടത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തിവിടാനിരിക്കെ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈകോടതിയിൽ. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതയുടെ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും മൊഴി നൽകിയവർക്ക് പകർപ്പ് നൽകി അവരെകൂടി ബോധ്യപ്പെടുത്താതെ പുറത്തുവിടരുതെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, ഹരജിയിൽ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ചയാണ് ഹരജി പരിഗണിക്കുക.
അതേസമയം, നാളെ പുറത്തുവിടാനിരിക്കുന്ന 233 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിട്ടുണ്ട്. 49-ാം പേജിലുള്ള 96-ാം ഖണ്ഡികയും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുക.
നിർണായക മൊഴികളുൾപ്പെടുന്ന അനുബന്ധം പുറത്തുവിടില്ല. നടികളും സാങ്കേതിക പ്രവർത്തകരും നൽകിയ മൊഴികളാണ് ഒഴിവാക്കിയതിൽ ഏറെയുമെന്നാണ് വിവരം. അറുപതിലേറെ പേജാണ് ഒഴിവാക്കിയത്. ജൂലൈ 24ന് ഇതേരീതിയിൽ റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് നിർമാതാവ് സജിമോൻ പാറയിൽ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമുൾപ്പെടെ ഹേമ കമ്മിറ്റി അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.
2019 ഡിസംബറിലാണ് സമിതി സർക്കാറിന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. കമ്മിറ്റി രൂപവത്കരിക്കാൻ കാണിച്ച താൽപര്യം പക്ഷേ റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ സർക്കാറിന് ഉണ്ടായിരുന്നില്ല. തുടർന്ന് സ്ത്രീപക്ഷ സംഘടനകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. ഒടുവിൽ, വിവരാവകാശ കമീഷൻ ഇടപെട്ടതോടെയാണ് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനമായത്.
xcgxgx