വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസ്; യൂത്ത് കോണ്‍ഗ്രസ് വെബ്‌സൈറ്റ് അഡ്മിന് നോട്ടീസ്
വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസിൽ യൂത്ത് കോണ്‍ഗ്രസ് വെബ്‌സൈറ്റ് അഡ്മിന് നോട്ടീസ്. യൂത്ത് കോണ്‍ഗ്രസ് വെബ്സൈറ്റിന്റെ സര്‍വ്വീസ് പ്രൊവൈഡറോടാണ് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.
വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായ ഇടപെടലാണ് തിരുവനന്തപുരം സിജെഎം കോടതി നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അംഗങ്ങളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. പലതവണ നോട്ടീസ് അയച്ചിട്ടും വിവരങ്ങള്‍ കൈമാറാന്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറായില്ല. ഒടുവില്‍ അന്വേഷണസംഘം കോടതിയെ സമീപിക്കുകയായിരുന്നു. 15 ദിവസത്തിനകം നേരിട്ട് ഹാജരാകാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പലരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പലരുടെയും മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. അതേസമയം പ്രധാന തെളിവായ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ തിരിച്ചറിവില്‍ കാര്‍ഡ് ഉണ്ടാക്കിയ സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ വൈസ് പ്രസിഡണ്ട് എംജി രഞ്ചു ഉള്‍പ്പെടെ അഞ്ചു പേര്‍ കേസില്‍ പ്രതികളാണ്. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജയ്‌സണ്‍ മുകളേലിന്റെ നേതൃത്വത്തില്‍ പ്രത്യേക ആപ്പ് ഉപയോഗിച്ചും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചിട്ടുണ്ട്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയായിരുന്നു.
awASDSASWAAS