ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്ത് വിടും


ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാന സർക്കാർ ശനിയാഴ്ച പുറത്ത് വിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് നൽകുക. റിപ്പോർട്ടിലെ 233 പേജ് മാത്രമാണ് സാംസ്കാരിക വകുപ്പ് ഇവർക്ക് കൈമാറുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിർദേശിക്കുകയും ചെയ്തു. നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് വിവരങ്ങള്‍ പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 'പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടാണ് പലരും മൊഴി നല്‍കിയത്. വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണ് പലരും മൊഴി നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതിന്റെയും ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

എന്നാല്‍ ഹര്‍ജിക്കാരന് ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നാണ് വിവരാവകാശ കമ്മീഷന്‍ കോടതിയില്‍ വാദിച്ചത്. പൊതുതാത്പര്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ എങ്ങനെയാണ് ഇത് ഹര്‍ജിക്കാരനെ ബാധിക്കുന്നത് എന്ന് പറയുന്നുമില്ല. കമ്മീഷനില്‍ ഹര്‍ജിക്കാരന്‍ കക്ഷിയായിരുന്നില്ല. മാത്രമല്ല, തന്റെ താത്പര്യത്തെ എങ്ങനെ അത് ബാധിക്കുമെന്നും തന്നെ കേള്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിവരാവകാശ കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശം പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടേ മതിയാകൂ എന്ന് ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

2017 ജൂലൈയിലാണ് ഹേമാ കമ്മിറ്റിയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചത്. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്.

article-image

fsdfsdfdsfsdsd

You might also like

Most Viewed