വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി പ്രതിപക്ഷ നേതാവ്
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍ പൊട്ടിയത്. ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ല. വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഖവും നമ്മള്‍ കാണണമെന്നും അടിയന്തര പുനരധിവാസം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ വിഡി സതീശൻ പറഞ്ഞു.
ഒരു ഗ്രാമത്തില്‍ 24 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. നാല്‍പ്പത് ഉരുള്‍പ്പൊട്ടല്‍ എങ്കിലും ഉണ്ടായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു. ഫലപ്രദമായ ഒരു വിലങ്ങാട് പാക്കേജ് പ്രഖാപിക്കേണ്ടത് അനിവാര്യമാണെന്നും നിവേദനത്തിൽ പറയുന്നു. പൂർണ്ണമായും തകർന്ന 21 വീടുകൾക്കും വാസയോഗ്യമല്ലാതെയായി പോയ 150 വീടുകൾക്കും പകരം വീടുകൾ നിർമിച്ചു നൽകണമെന്നും നിർദേശമുണ്ട്. ഉപജീവനത്തിന് കൃഷിയെ ആശ്രയിക്കുന്ന ഇവരുടെ നഷ്ട്ടങ്ങളും നികത്തണം. ഒലിച്ചുപോയ പാലങ്ങളും റോഡുകളുമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഉടൻ പുനർനിര്മിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
dszdszadsdsa