നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; ജനന സമയം കുഞ്ഞ് കരഞ്ഞിരുന്നു
നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസിൽ നിർണായക മൊഴി പുറത്ത്. ജനന സമയം കുട്ടി കരഞ്ഞിരുന്നു എന്ന് കുട്ടിയുടെ മാതാവ് സോന പറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടർ. സോനയുള്ള എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്. സാഹചര്യ തെളിവുകൾ നിർണായകമായ കേസിൽ ഡോക്ടറുടെ മൊഴി പ്രധാനം.
കുട്ടി പൂർണ വളർച്ച എത്തിയത് എന്ന് ഫോറൻസിക് വിഭാഗം. സോനയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. കുട്ടിയെ കൈമാറിയത് മരണശേഷമെന്നാണ് നിഗമനം. പ്രസവം നടന്ന് 24 മണിക്കൂറിന് ശേഷമാണ് തോമസിന് കുട്ടിയെ നൽകുന്നത്. പ്രസവം നടന്നത് 7 ന് പുലർച്ചെ 1.30 നും കുട്ടിയെ കൈമാറിയത് 8 ന് പുലർച്ചെയുമാണെന്ന് കണ്ടെത്തൽ. അതുവരെ കുട്ടിയെ സൂക്ഷിച്ചത് വീടിന്റെ ടെറസിന്റെ സൺഷേഡിലും , സ്റ്റെയർകേസിന് അടിയിലും ആണ്.
ഗർഭാവസ്ഥ തോമസിന് അറിയില്ലായിരുന്നുവെന്നും പ്രസവ ശേഷം മാത്രമാണ് അറിയിച്ചതെന്നും സോന പറഞ്ഞു. തനിക്ക് അറിയില്ലായിരുന്നുവെന്ന് തോമസും മൊഴി നൽകിയിരുന്നു. സോന ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരാണ് പൊലീസ് പിടിയിലായ മറ്റ് രണ്ടു പേർ. ഒന്നാം പ്രതി തോമസ് ജോസഫുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതായി വിവരം പുറത്ത് വന്നത്.
erwtrterewr