കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളും, എല്ലാ ബാങ്കുകളും ഇത് മാതൃകയാക്കണമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ്
ദുരന്തബാധിത പ്രദേശത്തെ കൂടുതല്‍ ആളുകളുടെ വായ്പ എഴുതി തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. ചൂരല്‍മല ബ്രാഞ്ചില്‍ നിന്ന് ആകെ നല്‍കിയ വായ്പ 55 ലക്ഷമാണ്. അതില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ എഴുതിത്തള്ളിയത്. തുടര്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും എം കെ കണ്ണന്‍ പറഞ്ഞു. കേരള ബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണം എന്നും എം കെ കണ്ണന്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്. സമാനതകളില്ലാത്ത ദുരന്തത്തില്‍ പെട്ടവരുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചത്. പ്രാഥമിക പട്ടികയില്‍ 9 പേരുടെ വായ്പകളാണ് എഴുതി തള്ളാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.
ASASASas