വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരിച്ചവരുടെ എണ്ണം 93 ആയി ഉയർന്നു

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 93 ആയി ഉയർന്നു. രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും. ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു.
മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാൾ. ചാലിയാറിൽ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.
റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളിൽ- രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളിൽ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്. മലപ്പുറം ചുങ്കത്തറ കുന്നത്തു പൊട്ടി കടവിൽ ഒരു മൃതദേഹം കൂടി കിട്ടി.
sdfgdxg