സ്‌പൈഡർമാൻ വേഷത്തിൽ കാർ ബോണറ്റിലിരുന്ന് സാഹസിക യാത്ര ചെയ്ത യുവാവിന് 26000 രൂപ പിഴ
സ്‌പൈഡർമാൻ വേഷത്തിൽ കാർ ബോണറ്റിലിരുന്ന് സാഹസിക യാത്ര ചെയ്ത യുവാവിന് 26000 രൂപ പിഴയിട്ട് ഡൽഹി പൊലീസ്. സോഷ്യൽ മീഡിയയിൽ യുവാവ് തന്നെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടിയുണ്ടായത്. യുവാവിനൊപ്പം കാറോടിച്ച ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്പൈഡർ വേഷം കെട്ടിയ നജഫ്ഗഢ് സ്വദേശി ആദിത്യ (20), വാഹനത്തിന്‍റെ ഡ്രൈവർ മഹാവീർ എൻക്ലേവിൽ താമസിക്കുന്ന ഗൗരവ് സിങ് (19) എന്നിവരാണ് അറസ്റ്റിലായത്.
അപകടകരമായ ഡ്രൈവിംഗ്, മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ല, സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 26,000 രൂപ പിഴ ഈടാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ദ്വാരക സ്ട്രീറ്റില്‍ സ്‌പൈഡർമാനും സ്‌പൈഡർ വുമണുമായി വേഷമിട്ട് മോട്ടോർ സൈക്കിളിൽ സ്റ്റണ്ട് നടത്തിയ ആദിത്യയുടെയും പെണ്‍സുഹൃത്തിന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തിന്റെ വീഡിയോ ഡൽഹി പൊലീസ് എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. റോഡിൽ ഇത്തരം അഭ്യാസ പ്രകടനങ്ങൾ അനുവദിക്കില്ല. ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കും. സമാന സംഭവങ്ങൾ കണ്ടാൽ ഉടൻ അറിയിക്കണം’. എന്ന സന്ദേശത്തോട് കൂടിയാണ് ഡൽഹി പൊലീസ് വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.