നിപ ; ആശങ്ക വേണ്ട, ആകെ 58 സാമ്പിളുകള്‍ നെഗറ്റീവ്; നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 472 പേര്‍


മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ സാമ്പിളുകള്‍ നെഗറ്റീവ്. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രോഗലക്ഷണവുമായി മൂന്ന് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ആകെ 21 പേരാണ് മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളെജുകളിലായി ചികിത്സയിലുള്ളത്.ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്നലെ പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 12 പേരെയാണ്. ഇവരെല്ലാവരും സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരാണ്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എന്‍.ഐ.വിയില്‍ നിന്നുമുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി സാമ്പിളുകള്‍ ശേഖരിച്ച് വരികയാണ്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു.

You might also like

Most Viewed