സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറയിച്ചു. കാസർഗോഡ് ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾ ഭാഗീകമായി തകർന്ന് വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മലപ്പുറത്ത് വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. നാരാങ്ങാപ്പൊയിലെ 5 കുടുംബങ്ങളാണ് പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിൽ തുടരുന്നത്. വീടുകളിലേക്ക് മടങ്ങാതെ രാത്രിയിലും പഞ്ചായത്തിൽ പ്രതിഷേധം തുടർന്നു. അധികൃതർ ഇടപെടുന്നത് വരെ വീടുകളിലേക്ക് മടങ്ങില്ലന്ന് സമരക്കാർ പറഞ്ഞു. കണ്ണൂർ ഇരിക്കൂറിൽ സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞു. ഇരിട്ടി- തളിപ്പറമ്പ് റോഡിലാണ് മണ്ണിടിഞ്ഞ് വീണത്. ഇരിക്കൂർ പെട്രോൾ പമ്പിന് സമീപത്താണ് അപകടം. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ കുന്നിടിഞ്ഞ് റോഡിൽ പതിക്കുകയായിരുന്നു.
പെരുവാമ്പ പുഴയിൽ കാണാതായ സ്ത്രീയ്ക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് പെരിങ്ങോം പെരുവാമ്പയിൽ സ്ത്രീയെ പുഴയിൽ കാണാതായത്. ശക്തമായ ഒഴുക്കിൽ കെഎസ്ഇബിയുടെ വാഹനം ഒഴുകിപ്പോയി. പാനൂർ മനയത്തുവയലിലാണ് സംഭവം. ശക്തമായ ഒഴുക്കിൽ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇന്നലെ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാൻ പോയപ്പോഴാണ് വാഹനം ഒഴുക്കിൽപ്പെട്ടത്. ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. രണ്ട് ജീവനക്കാരെ പാനൂർ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.
hh