ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പലതും പുറത്തുപറയാൻ കൊള്ളില്ല; കെ സുധാകരനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ
കെപിസിസി നേതൃ ക്യാമ്പിൽ അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്ന് സതീശൻ പറഞ്ഞു. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പലതും പുറത്തുപറയാൻ കൊള്ളില്ല. മണ്ഡലം പുനഃസംഘടനയിൽ എ ഗ്രൂപ്പും കെ സുധാകരനെതിരെ രംഗത്തെത്തി. രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരനെതിരെ കടുത്ത വിമർശനമുയർന്നത്. നേരത്തെയും കെപിസിസി അധ്യക്ഷന്റെ നടപടികളിൽ സതീശന് അതൃപ്തിയുണ്ടായിരുന്നു. പലതവണ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും വിമർശനമുയർന്നിട്ടും സുധാകരൻ ഒരക്ഷരം മറുപടി നൽകിയില്ലെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ നേതൃക്യാമ്പിലെ മറ്റ് യോഗങ്ങളിൽ വിമർശനമുണ്ടായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയായത്. വിമർശനം രാഷ്ട്രീയകാര്യ സമിതിയിൽ മാത്രമായി ഒതുക്കുകയായിരുന്നു. കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയാണ് വി ഡി സതീശൻ രാഷ്ട്രീയകാര്യ സമിതിയിൽ ഉന്നയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല അതൃപ്തികളും സതീശൻ എഐസിസിയെ അറിയിച്ചിരുന്നു.
താഴേത്തട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലുള്ള ചുമതലകൾ മുതിർന്ന നേതാക്കൾ ഏറ്റെടുത്തുവെന്നത് യോഗത്തിന്റെ നേട്ടമായി പുറത്തുവരുമ്പോഴാണ് കടുത്ത വിമർശനവും ഉയരുന്നത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കം മുറുകുന്നതിന്റെ സൂചന കൂടിയാണ് രാഷ്ട്രീയകാര്യ സമിതിയിലെ പൊട്ടിത്തെറി.
പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ പൂർണ്ണമായും അവഗണിച്ചതിലുള്ള അതൃപ്തി കെ സി ജോസഫും പ്രകടിപ്പിച്ചു. ആരാണ് മണ്ഡലം പ്രസിഡണ്ടുമാരെ നിയമിക്കുന്നതെന്ന് കെ സി ജോസഫ് ചോദിച്ചു. പ്രധാന നേതാക്കളെ പ്രാദേശിക തലത്തിൽ അവഗണിച്ച് താത്പര്യക്കാരെ നേതൃത്വത്തിലേക്ക് ഉയർത്തിയെന്ന വിമർശനമാണ് ഉയർന്നത്. നാട്ടുകാരെക്കൊണ്ട് തമ്മിലടിപ്പിക്കുന്നവരെന്ന് പറയിപ്പിക്കരുതെന്ന ആവശ്യം കെ സി വേണുഗോപാൽ എക്സിക്യൂട്ടീവ് യോഗത്തിൽ മുന്നോട്ട് വച്ചതിന് പിന്നാലെയാണ് വിമർശനം.
രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലുമാണ് സുധാകരനെ പിന്തുണയ്ക്കുന്നതെന്നത് നേതൃത്വത്തിനുള്ളിൽ തന്നെ പരസ്യമായ രഹസ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനെ മാറ്റാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ ലോക്സഭാ ഫലം പുറത്തുവന്നപ്പോൾ, വലിയ മുന്നേറ്റം ഉണ്ടാക്കിയ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനെ മാറ്റുന്നത് ശരിയല്ല എന്ന നിലപാടാണ് കെ സി വേണുഗോപാൽ എടുത്തത്. ഈ തീരുമാനത്തിന് ചെന്നിത്തലയുടെ പിന്തുണയുമുണ്ടായിരുന്നു.
adssfasaqsFASAFS