സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്നു മരണം; രണ്ടുദിവസത്തിനിടെ മരിച്ചത് 11 പേർ
സംസ്ഥാനത്ത് മഴ ക്കെടുതികളിൽ ഇന്ന് മരിച്ചത് മൂന്നുപേർ. ഇതോടെ രണ്ടു ദിവസങ്ങളിലായി മഴയിൽ പൊലിഞ്ഞത് 11 പേർ. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിരുവനന്തപുരത്ത് ഇന്ന് രാവിലെയാണ് മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചത്. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറിന് അലോഷ്യസ് ഉൾപ്പടെ നാല് പേരാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെട്ടത്. എന്നാൽ അൽപ്പദൂരം എത്തിയപ്പോഴേക്കും ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. അവശനായ അലോഷ്യസിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. അടിമാലി മാങ്കുളം താളുംകണ്ടത്ത് പുഴയിൽ വീണ് യുവാവ് മരിച്ചു. സനീഷ് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. പുഴയുടെ അതിര് കാണാതെ കാൽവഴുതി വീണതെന്നാണ് പ്രാഥമിക വിവരം. പറമ്പിൽനിന്നു ശബ്‌ദം കേട്ടതിനെത്തുടർന്ന് എന്താണെന്ന് നോക്കാൻ വീട്ടിൽനിന്നു പുറത്തിറങ്ങിയതായിരുന്നു സനീഷ്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
ആലപ്പുഴ മട്ടാഞ്ചേരിയില്‍ ബൈക്കിനുമേൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറാട്ടുവഴി സിയാദ് മനസിലില്‍ ഉനൈസ്(30) മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് ഉനൈസിനും ഭാര്യ അനീഷയ്ക്കും പരിക്കേറ്റിരുന്നു. ശക്തമായ മഴയിലും കാറ്റിലും ആലപ്പുഴ നഗരത്തില്‍ മരങ്ങള്‍ വീണ് കനത്ത നാശനഷ്ടമാണ് ഉണ്ടാകുന്നത്. ചൊവ്വാഴ്ച മഴക്കെടുതിയിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി എട്ട് മരണങ്ങൾ ഉണ്ടായിരുന്നു. പാലക്കാട് വടക്കഞ്ചേരിയിൽ വീടിന്‍റെ ചുമരിടിഞ്ഞു വീണു കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് സുലോചന (54), മകൻ രഞ്ജിത് (31) എന്നിവർ മരിച്ചു. മാറാക്കര യുപി സ്കൂളിനു സമീപത്തെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മേൽമുറി മുക്കിലപ്പീടിക സ്വദേശി ബൈജു (33) മുങ്ങി മരിച്ചു. കാസർഗോഡ് മധൂരിൽ ഷോക്കേറ്റ് കുദ്രപ്പാടി ഗോപാലഗെട്ടിയുടെ ഭാര്യ ഹേമാവതി (50), പുല്ലു ചെത്താൻ പോയപ്പോൾ ഷോക്കേറ്റു പത്തനംതിട്ട തിരുവല്ല മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി (48), കാറ്റിൽ ആൽമരം കടപുഴകി കാറിന് മുകളിലേക്കു വീണ് വിതുര ആനപ്പെട്ടി സ്വദേശിനി മോളി (42), വെള്ളക്കെട്ടിൽ വീണ് കണ്ണൂർ പാനൂർ ഒളവിലം മേക്കരവീട്ടിൽ താഴെക്കുനി കെ.ചന്ദ്രശേഖരൻ (62) എന്നിവരും മരിച്ചു. മലപ്പുറം മേലാറ്റൂരിൽ ശനിയാഴ്ച ഒഴുക്കിൽപ്പെട്ടു കാണാതായ പാലക്കാട് അലനല്ലൂർ മരുതംപാറ പടുവിൽകുന്നിലെ പുളിക്കൽ യൂസുഫിന്‍റെ (55) മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി.
DFSFGDSSEQWQWAE