സാഹിത്യഅക്കാദമി പുരസ്കാര ജേതാവ് എ രാധാകൃഷ്ണൻ നിര്യാതനായി
കാഞ്ഞങ്ങാട്:
സാഹിത്യഅക്കാദമി പുരസ്കാര ജേതാവ് എ രാധാകൃഷ്ണൻ അന്തരിച്ചു. 88 വയസായിരുന്നു പ്രായം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച്ച ഉച്ചയോടെ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിനടുത്തുള്ള ആനന്ദഭവനിൽ വെച്ചാണ് മരണം സംഭവിച്ചത്.
ബാരിസ്റ്റർ എ കെ പിള്ളയുടെ ജീവചരിത്രമായ എ കെ പിള്ള ആദർശങ്ങളുടെ രക്തസാക്ഷി എന്ന പേരിലെഴുതിയ ജീവചരിത്രഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. നിരവധി ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം കൺട്രോളർ ആന്റ് ഓഡിറ്റ് ജനറൽ ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലിയിലിരിക്കേ കേരളമുൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലും പ്രവർത്തിച്ചു. തമിഴ് നാട് സർക്കാരിന്റെ ഹിന്ദു റിലീജിയൻസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിൽ ചീഫ് ഓഡിറ്ററായി പ്രവർത്തിക്കവെയാണ് വിരമിച്ചത്. പിന്നീട് ചെന്നൈയിലെ സാഹിത്യസദസുകളിൽ സജീവസാന്നിദ്ധ്യമായിരുന്നു. ചെന്നൈയിലെ മൈത്രി കൾച്ചറൽ അസോസിയേഷന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് ബഹ്റൈനിലും പ്രവർത്തിച്ചിരുന്നു. സ്പാക് കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിച്ച റേഡിയോ വോയ്സിന്റെ ജനറൽ മാനേജറായിരുന്ന അദ്ദേഹം റേഡിയോ വോയ്സിൽ ബിറ്റ് വീൻ ദ ലൈൻസ് എന്ന പേരിൽ പത്രവാർത്തകളെ അവലോകനം ചെയ്യുന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു. ബഹ്റൈനിലും നിരവധി പരിപാടികളിൽ അദ്ദേഹം സജീവസാന്നിദ്ധ്യമായിരുന്നു.
1936ൽ ഷൊർണൂരിനടുത്തുള്ള വാടാനംകുറിശിയിൽ ജനിച്ച അദ്ദേഹം സ്കൂൾ പഠനത്തിന് ശേഷം കോഴിക്കോട് സാമൂതിരി കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ തുടർവിദ്യാഭ്യാസം നേടി. 2005മുതൽ കാഞ്ഞങ്ങാടാണ് താമസം.
അച്ഛൻ നാരായണൻ നായർ, അമ്മ അമ്മുവമ്മ, ഭാര്യ പി ഐ രാധാ നായർ, മക്കൾ രേഖ മദൻ, രാകേഷ് മേനോൻ (വിയ്റ്റനാം), മരുമക്കൾ മദൻ പി നായർ (ബിസിനസ്, ഹൈദരാബാദ്), സ്മിത രാകേഷ് (ബെംഗ്ലൂരു), സഹോദരി രാധാ ദേവി.
aa