പൂട്ടുകൾ തല്ലിപ്പൊട്ടിച്ചു; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഹസ്യ അറകൾ തുറന്നു


ഒഡിഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരങ്ങൾ 46 വർഷത്തിന് ശേഷം തുറന്നു. സംസ്ഥാനത്ത് അധികാരത്തിലെത്തിയ ബിജെപി സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഭണ്ഡാരം തുറക്കൽ. ക്ഷേത്രത്തിലെ അമൂല്യ രത്നങ്ങളും ആഭരണങ്ങളും അടങ്ങിയ ഭണ്ഡാരങ്ങൾ തുറന്ന് കണക്കെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കേരളത്തിലെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് ഏറെക്കുറെ സമാനമാണ് പുരിയിലെയും സാഹചര്യമെങ്കിലും നിധി ശേഖരത്തിൻ്റെ അളവുകളിൽ വ്യത്യാസമുണ്ട്.

ഇന്നലെ തുറന്ന ഒരു അറയിൽ നിന്ന് നാല് പെട്ടികളിലായി സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ അടക്കമുള്ള അമൂല്യ വസ്തുക്കൾ സ്ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ക്ഷേത്രത്തിന് അകത്ത് തന്നെയാണ് ഈ സ്ട്രോങ് റൂം സ്ഥിതി ചെയ്യുന്നത്. ഒഡീഷ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥിൻ്റെ നേതൃത്വത്തിൽ പുരി ജഗന്നാഥ ക്ഷേത്രം ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ പാധി ഉൾപ്പെട്ട 12 അംഗ സംഘമാണ് ഭണ്ഡാരം തുറന്നുള്ള പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. പുരാവസ്തു വുപ്പിൽ നിന്നും ക്ഷേത്ര ജീവനക്കാരിൽ നിന്നും പ്രതിനിധികൾ സംഘത്തിലുണ്ട്.

ഇക്കുറിയും അറകൾ ചാവി ഉപയോഗിച്ച് തുറക്കാനായില്ല. കാലപ്പഴക്കമാണ് കാരണമെന്ന് സംശയിക്കുന്നുണ്ട്. തുടർന്ന് പൂട്ട് പൊളിച്ചാണ് അറ തുറന്നത്. 2018 ൽ ഹൈക്കോടതി ഉത്തരവ് പ്രകാരം അറകൾ താക്കോൽ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. രേഖകൾ പ്രകാരം രത്‌നഭണ്ഡാരത്തിൽ മൊത്തം 454 സ്വർണ വസ്തുക്കളും (128.38 കിലോഗ്രാം) 293 വെള്ളി സാമഗ്രികളും (221.53 കിലോഗ്രാം) ഉണ്ടെന്നാണ് കണക്ക്. ജഗന്നാഥ ക്ഷേത്രത്തിന്റെ പേരിൽ ബാങ്കിൽ 600 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണു 2023 ലെ കണക്ക്. ക്ഷേത്രത്തിലേക്കു ഭക്തർ സംഭാവന ചെയ്ത സ്വർണം ദേശസാൽകൃത ബാങ്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൂന്നു കിലോയോളം സ്വർണം ഈ നിലയിൽ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിൽ 60,426 ഏക്കർ ഭൂമിയും ഉണ്ട്.

article-image

DFDG

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed