സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ കെ രമ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ കെ രമ. പ്രശ്‌നം ലാഘവത്തോടെ എടുക്കുകയാണ് സര്‍ക്കാറെന്ന് അവര്‍ ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് ഇതിന് ഉദാഹരണമെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് രമ പറഞ്ഞു. പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കാത്തതും കാലടി കോളേജിലെ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. അടിയന്തിര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് പകരം മറുപടിയുമായി എത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്നത് വീണ ജോര്‍ജാണ് എന്നതാണ് ഇതിന് ന്യായീകരണമായി ഭരണപക്ഷം ചൂണ്ടിക്കാട്ടിയത്. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുന്നതായും അവര്‍ വ്യക്തമാക്കി. കാലടി കോളേജിലെ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു.
പൂച്ചാക്കലില്‍ പട്ടാപ്പകല്‍ ദലിത് പെണ്‍കുട്ടിയെ ആക്രമിച്ച പ്രതി സിപിഎമ്മുകാരനാണെന്ന് കെ കെ രമ ആരോപിച്ചു. കുസാറ്റില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് സിപിഎം അനുഭാവി ആയ അധ്യാപകനാണ്. കാലടി കോളേജില്‍ പെണ്‍കുട്ടികളുടെ ചിത്രം അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ചത് എസ്എഫ്‌ഐക്കാരനായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. കെസിഎ കോച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരെ സര്‍ക്കാര്‍ പൂഴ്ത്തി വെച്ചു-അവര്‍ കുറ്റപ്പെടുത്തി. ആരോപണ വിധേയരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും രമ വിമര്‍ശിച്ചു.
DFSFDRFDSDFSDFS