കെഎസ്ഇബി ഓഫിസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച സംഭവം; ന്യായീകരിച്ച് മന്ത്രി


തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി എംഡിയെ ന്യായീകരിച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും ആക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. യുപി മോഡല്‍ പ്രതികാരമൊന്നുമല്ല ഇത്. മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചത്. ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പൊലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടിയെന്നും മന്ത്രി വിശദീകരിച്ചു.

തിരുവമ്പാടി കെഎസ്ഇബി സെക്‌ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസി. എന്‍ജിനിയറുള്‍പ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്‌ഷനാണ് വിച്ഛേദിച്ചത്. എസ്ഇബി ചെയർമാൻ ആന്‍ഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറുടെ നിര്‍ദേശപ്രകാരമാണു നടപടി. വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ച റസാഖിന്‍റെ വീട്ടിലെ വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓൺലൈനായി ബില്ലടച്ച റസാഖിന്‍റെ മകൻ അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വെള്ളിയാഴ്ചയാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയത്. ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടായി. സംഭവത്തിൽ ജീവനക്കാര്‍ പൊലീസിൽ പരാതിയും നൽകിയിരുന്നു. തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫിസ് ആക്രമിച്ചപ്പോൾ പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്മൽ ശനിയാഴ്ച രാവിലെ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം അഴിച്ചുവിട്ടു എന്നാണ് പരാതി. പിന്നാലെയാണ് ബോര്‍ഡ് ചെയര്‍മാൻ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്. അജ്മലിന്‍റെ പിതാവ് റസാഖിന്‍റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷൻ. അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബിയുടെ ന്യായീകരണം.

article-image

aeqefrweqwqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed