ധാർഷ്ട്യം ജനങ്ങളെ അകറ്റി ,പരമ്പരാഗത വോട്ടുകൾ ബിജെപിയിലേയ്ക്ക് ചോർന്നു; സിപിഐഎമ്മിൻ്റെ അവലോകന റിപ്പോർട്ട്
മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള കേഡർമാരുടെ ധാർഷ്ട്യം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് സിപിഐഎമ്മിൻ്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. തെറ്റായ പ്രവണതകളും അഹന്തയും ഇല്ലാതാക്കാനുള്ള തിരുത്തൽ വേണമെന്നും ഇക്കാര്യത്തിൽ ആസൂത്രിതമായ പരിപാടികൾ വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇടത് പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്ക് പോയത് ആശങ്കാജനകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ആറ്റിങ്ങലിലും ആലപ്പുഴയിലും പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ബിജെപിയിലേക്ക് പോയി. ആറ്റിങ്ങലിൽ 684 വോട്ടിനാണ് തോറ്റതെങ്കിലും ആലപ്പുഴയിൽ ബിജെപി ഇടത് വോട്ടിന് തൊട്ടടുത്ത് എത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഹിന്ദു വികാരവും ജാതി സ്വാധീനവും പല മണ്ഡലങ്ങളിലും ഒരു പരിധി വരെ ഇടത് വോട്ടടിത്തറയെ ബാധിച്ചു. ബിജെപി സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ പാർട്ടി കാര്യമായ ശ്രദ്ധ കൊടുത്തില്ല. ഇത് മുൻഗണനയോടെ ഏറ്റെടുക്കേണ്ട വിഷയമാണത്. മുസ്ലിം പ്രീണനമെന്ന തെറ്റായ ആരോപണത്തിന് തിരിച്ചടി നൽകണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജാതി മത സംഘടനകൾ തിരഞ്ഞെടുപ്പിൽ കാര്യമായ പങ്ക് വഹിച്ചു. എസ്എൻഡിപി യോഗം ഏറിയും കുറഞ്ഞും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. ക്രൈസ്തവ സഭകളിലെ ഒരു വിഭാഗവും ബിജെ പിക്ക് വേണ്ടി പ്രവർത്തിച്ചു. തൃശൂർ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ച പിന്തുണ ഇതിൻ്റെ പ്രകടനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
huythfhf