മാന്നാർ കല കൊലക്കേസ്; അനിലിനെ നാട്ടിലെത്തിക്കാൻ ഇന്‍റർപോൾ സഹായം തേടും
മാന്നാർ കല കൊലക്കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിലിനെ ഇസ്രയേലിൽനിന്ന് എത്തിക്കാൻ ഇന്‍റർപോൾ സഹായം തേടും. കോടതിയിൽനിന്ന് വാറണ്ട് വാങ്ങി പാസ്പോർട്ട് നമ്പറും സ്പോൺസറുടെ വിലാസവും ശേഖരിച്ച് ഇന്‍റർപോളിന്‍റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് നീക്കം. നിയമപരമായി നാട്ടിലെത്തിക്കാൻ ഏറെ സമയം വേണ്ടിവരും. സംസ്ഥാന പൊലീസ് മുതൽ കേന്ദ്ര ആഭ്യന്തര വകുപ്പും ഇന്റർപോളും വരെ ഉൾപ്പെടുന്ന നടപടിക്രമങ്ങളാണ് ഇതിൽ പ്രധാനം. സർക്കാർ തല നടപടികളിലൂടെ നാട്ടിലെത്തിക്കാൻ ആദ്യം ബ്ലൂ കോർണർ തെരച്ചിൽ നോട്ടീസും പിന്നീട് റെഡ് കോർണർ നോട്ടീസും പുറപ്പെടുവിക്കണം.
അതേസമയം കൊലപാതകത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കസ്റ്റഡിയിലുള്ള പ്രതികളെ മണിക്കൂറുകൾ ചോദ്യം ചെയ്തു. വ്യാഴാഴ്ച മാന്നാർ പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യംചെയ്യൽ. ഒന്നാംപ്രതിയായ കലയുടെ ഭർത്താവ് അനിൽകുമാറുമായി രക്തബന്ധമുള്ളവരാണ് കൂട്ടുപ്രതികൾ. കെട്ടിട നിർമാണകരാറുകാരനായ ജിനു ഗോപി പിതൃസഹോര പുത്രനും സോമരാജൻ സഹോദരി ഭർത്താവുമാണ്. പ്രമോദും മറ്റൊരു പിതൃസഹോദര പുത്രനാണ്. വെള്ളിയാഴ്ച പ്രതികളുമായി പ്രദേശത്ത് തെളിവെടുപ്പ് നടത്തും.
കൊലപാതക സൂചന ലഭിച്ച ഊമക്കത്തിന് പിന്നില്‍ ഒരു സമുദായ സംഘടനയിൽ നിലനിൽക്കുന്ന ശക്തമായ ചേരിപ്പോരാണെന്നും പറയപ്പെടുന്നു. പ്രതികള്‍ ഉള്‍പ്പെട്ട പ്രബലമായ ഒരുസമുദായ സംഘടനയില്‍ നേരത്തെ നടന്ന ഭിന്നിപ്പും പരസ്യമായ ഏറ്റുമുട്ടലും വ്യവഹാരത്തിലാണ്. ഇതിന്റെ അനന്തരഫലമായിട്ടാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതെന്നാണ് ആരോപണം. കേസില്‍ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തവരും പിന്നീട് വിട്ടയക്കപ്പെട്ടവരും സമുദായ സംഘടനാഭരണത്തില്‍ നിലവില്‍ ഭാരവാഹികളാണ്.
DRSGHGHJMGHJJHTT