മാന്നാര്‍ കൊലപാതകക്കേസ്: അന്വേഷണത്തിന് 21 അംഗ പ്രത്യേക സംഘം


മാന്നാര്‍ കൊലപാതകക്കേസില്‍ അന്വേഷണത്തിന് 21 അംഗ പൊലീസ് സംഘത്തെ നിയോഗിച്ചു. ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഘത്തിലുണ്ട്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണാണ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നത്. അതേസമയം പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലുമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നത്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികള്‍. എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

ഇതിനിടെ അനില്‍ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരമുണ്ട്. കേസില്‍ പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് അനിലിന് രക്തസമ്മര്‍ദ്ദം കൂടിയെന്നും ആശുപത്രിയില്‍ ചികിത്സ തേടിയെന്നുമാണ് വിവരം. ബന്ധുക്കളായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞ് അനില്‍ അറിഞ്ഞിരുന്നു. തുടര്‍ന്നാണ് രക്തസമ്മര്‍ദ്ദം കൂടിയത്.

15 വര്‍ഷം മുമ്പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറഞ്ഞിട്ടില്ല. അനില്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. അനിലിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ഇയാളെ നാട്ടിലെത്തിക്കുമെന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

article-image

fhtytfteydetwqrw3eq

You might also like

  • Lulu Exchange
  • Straight Forward

Most Viewed