ഇരിട്ടിയിൽ ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി


ഇരിട്ടിയിൽ പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഷഹര്‍ബാന(20)യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരിട്ടി, മട്ടന്നൂര്‍ ഫയര്‍ഫോഴ്സ് സേനകള്‍ നടത്തിയ തെരച്ചില്‍ വിഫലമായതിനെ തുടര്‍ന്ന് ബുധനാഴ്ച്ച സന്ധ്യയോടെ എത്തിയ 30 അംഗ എന്‍ഡിആര്‍എഫ് സംഘം വ്യാഴാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം അപകടമുണ്ടായ സ്ഥലത്തു നിന്നും കുറച്ചകലെയായി കണ്ടെത്തിയത്. ഷഹര്‍ബാനക്കൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ ചക്കരക്കല്‍ നാലാംപീടിക സ്വദേശിനി സൂര്യയെ ഇനിയും കണ്ടെത്താനുണ്ട്.

ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. എടയന്നൂര്‍ തെരൂര്‍ അഫ്സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്സത്തിന്റെയും മകളാണ് ഷഹര്‍ബാന. ഷെഫീഖ് ഭര്‍ത്താവാണ്. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനികളായ ഇവര്‍ പരീക്ഷ കഴിഞ്ഞ് സഹപാഠിയ്ക്കൊപ്പം ജെസ്നയുടെ പടിയൂരിനടുത്തെ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലെത്തുകയായിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു, ജസ്നയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ഇവര്‍ വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഉടന്‍ തന്നെ മട്ടന്നൂര്‍, ഇരിട്ടി എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

article-image

≈ cxzx

You might also like

Most Viewed