പൊലീസ് സേനയിലെ ആത്മഹത്യ; സഭയില്‍ ചർച്ചയാക്കി പ്രതിപക്ഷം

പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പൊലീസുകാരുടെ നരക ജീവിതം തുടരുകയാണെന്ന് പറഞ്ഞ വിഷ്ണുനാഥ് എട്ട് മണിക്കൂർ ജോലി അവർക്കിനിയും സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ 118 പൊലീസുകാർ ആവശ്യമാണ്. എന്നാൽ വെറും 44 പോലീസുകാരാണ് 118 പൊലീസുകാരുടെ ജോലി ചെയ്യുന്നത്. പൊലീസിൽ നിന്നും സ്വയം വിരമിച്ചത് 148 പേരാണ്. അതിൽത്തന്നെ ഒരു ഡിവൈഎസ്പി സ്വയം വിരമിച്ച് ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്നുവെന്നും പി സി വിഷ്ണുനാഥ് എംഎൽഎ ചൂണ്ടികാട്ടി.
പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി നൽകി. 'ആത്മഹത്യാ പ്രവണത കുറയ്ക്കാൻ കൗൺസിലിംഗ്, യോഗ തുടങ്ങിയവ സേനയിൽ നടത്തിവരികയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് നടത്തിവരുന്നുണ്ട്. അർഹമായ ലീവുകൾ നൽകുന്നതിന് സംസ്ഥാന പൊലീസ് മേധാവി സർക്കുലറിലൂടെ നിർദ്ദേശം നൽകിയിട്ടുണ്ട്. സേനാംഗങ്ങളുടെ പരിശീലന കാലയളവിൽ തന്നെ സാമ്പത്തിക അച്ചടക്കത്തെ സംബന്ധിച്ച് പരിശീലനം നൽകുന്നുമുണ്ട്'; മുഖ്യമന്ത്രി പറഞ്ഞു
എന്നാൽ 16 മണിക്കൂർ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർ എപ്പോഴാണ് യോഗ ചെയ്യുക എന്ന വിഷ്ണുനാഥിന്റെ ചോദ്യത്തിന് ജോലി കഴിഞ്ഞും യോഗ ചെയ്യാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൊലീസിൽ ജോലിഭാരം വർദ്ധിക്കുന്നത് ശരിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സാമൂഹ്യ പ്രാധാന്യമുള്ള ജോലികൾ നിർവഹിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും പറഞ്ഞു.
ewrerewrwererw