സഭയില്‍ വാക്ക്പോര് തുടരുന്നു; എംഎല്‍എയെ അപമാനിച്ചെന്ന് വിഡി സതീശന്‍, നമ്മള്‍ തമ്മില്‍ തർക്കിക്കേണ്ടെന്ന് സ്പീക്കർ


സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ ഇന്നും സഭയില്‍ തര്‍ക്കം. ടി സിദ്ദിഖ് എംഎല്‍എയുടെ ചോദ്യം ആര്‍ക്കും മനസ്സിലായില്ലെന്ന സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സ്പീക്കറുടെ കമന്റ് പ്രതിപക്ഷ അംഗത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ അംഗങ്ങളോട് മാത്രമാണ് ഈ സമീപനമെന്നും വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍ ചോദ്യം പ്രസ്താവനയല്ല, ചോദ്യം തന്നെ ആയിരിക്കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കി.

'ഞങ്ങള്‍ക്ക് ആദ്യബാച്ചില്‍ ക്ലാസ് എടുത്തയാളാണ് അങ്ങ്. ചോദ്യങ്ങള്‍ സ്റ്റേറ്റ്‌മെന്റ്‌സ് ആവാന്‍ പാടുണ്ടോയെന്നതില്‍ അങ്ങയുടെ അഭിപ്രായം എന്താണ്' എന്നും സ്പീക്കര്‍ ചോദിച്ചു. എന്നാല്‍, ടി സിദ്ദിഖ് ഒരു മിനിറ്റ് പോലും എടുത്തിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. തുടർന്ന്, എംഎല്‍എ ഒരു മിനിറ്റും 12 സെക്കന്റും എടുത്തെന്നും നമ്മള്‍ തമ്മില്‍ തര്‍ക്കിക്കേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ 50 സെക്കന്റ് മാത്രമാണ് സിദ്ദിഖ് എടുത്തതെന്നും സ്പീക്കര്‍ അംഗത്തെ അപമാനിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. അതില്‍ തന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളോട് മാത്രമാണ് ഈ സമീപനമെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തെയും താന്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കാറുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും സഭയില്‍ സ്പീക്കറുടെ നടപടി വിവാദമായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാതെ സ്പീക്കര്‍ തള്ളിയിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ റൂളിങ്ങിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി സ്പീക്കര്‍ മറുപടി പറയുകയാണെന്ന് കുറ്റപ്പെടുത്തി. പിന്നാലെ സതീശന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവിനോട് ബഹുമാനമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതിനപ്പുറം സംസാരിക്കാനാകില്ലെന്നും ഈ വിഷയം ചര്‍ച്ച ചെയ്യാനവാകില്ലെന്നും പറഞ്ഞ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിലായിരുന്നില്ല വിവാദം, അനുമതി നല്‍കാത്തതിന് സ്പീക്കര്‍ പറഞ്ഞ വാക്കുകളാണ്. ഇത് സര്‍ക്കാര്‍ പറയേണ്ടതല്ലെന്നുമാണ് പ്രതിപക്ഷ ആരോപണം.

article-image

EQRW34ERFDFGDH

You might also like

Most Viewed