ആര്‍സിസി ഡാറ്റാ ചോര്‍ത്തലിന് പിന്നില്‍ അന്താരാഷ്ട്ര മാഫിയ


തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡാറ്റാ ചോര്‍ത്തലിന് പിന്നില്‍ അന്താരാഷ്ട്ര മാഫിയയെന്ന് വിവരം. കൊറിയന്‍ സൈബര്‍ ഹാക്കര്‍മാരാണ് പിന്നിലെന്നാണ് സൂചന. ക്രിപ്‌റ്റോ കറന്‍സി ഏജന്‍സികളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടി. ഡാറ്റ തിരിച്ചുവേണമെങ്കില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തില്‍ പണം കൈമാറണമെന്നായിരുന്നു ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്.

രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഉണ്ടായിരിക്കുന്നത്. പ്രധാനപ്പെട്ട 11 സെര്‍വറാണ് ഏപ്രില്‍ 28ാം തിയ്യതി ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. 20 ലക്ഷം കാന്‍സര്‍ രോഗികളുടെ വ്യക്തിവിവരങ്ങള്‍, രോഗാവസ്ഥ, ചികിത്സാ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ അതിലുണ്ടായിരുന്നു.

ഡാറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മൂന്ന് ഏജന്‍സികള്‍ ഇതിനകം അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയുടെ കീഴിലുള്ള സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, കേരള പൊലീസിന്റെ സൈബര്‍ സംഘം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗം എന്നിവരാണ് അന്വേഷണം നടത്തുന്നത്.

ഹാക്കിംഗിന്റെ ആദ്യദിവസം ആര്‍സിസി ടീമിന് സെര്‍വറിലേക്ക് കടക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രതിരോധം ഹാക്കര്‍മാര്‍ തീര്‍ത്തിരുന്നു. പിന്നീട് 100 മില്ല്യണ്‍ ഡോളര്‍ നല്‍കിയാല്‍ വിവരങ്ങള്‍ തിരിച്ചുതരാമെന്ന് മെയില്‍ വഴി ഭീഷണി സന്ദേശം എത്തി. എന്നാല്‍ അതിന് മറുപടി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അന്വേഷണ സംഘം. 2022ല്‍ ഡല്‍ഹിയിലെ എയിംസിലും സമാനമായി ഡാറ്റാ മോഷണം നടന്നിരുന്നു.

അതേസമയം ചികിത്സാ വിവരങ്ങള്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ തിരിച്ചെടുത്തതായി ആര്‍സിസി അധികൃതര്‍ അറിയിച്ചു. ആര്‍സിസിയിലെ സൈബര്‍ ആക്രമണത്തെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. ഡാറ്റാ മോഷണത്തിന് പിന്നില്‍ മരുന്ന് കമ്പനികള്‍ക്ക് പങ്കാളിത്തമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

article-image

ASDASDFSVDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed