കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്ന്‌ ധനമന്ത്രി


കേരളത്തിന്‌ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്ന്‌ മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രീ ബജറ്റ്‌ ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിണ്‌ ആവശ്യം ഉന്നയിച്ചത്‌. ഇത്‌ അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്‌റ്റാർട്ടപ്പ്‌, നൂതനത്വം തുടങ്ങിയ മേഖലയിൽ രാജ്യത്തിന്‌ അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്‌. അവ നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണെന്ന്‌ ധനമന്ത്രി വ്യക്തമാക്കി.

പബ്ലിക്‌ അക്കൗണ്ടിലെ തുകയും, സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽപ്പെടുത്തി, വായ്‌പാനുവാദത്തിൽ വെട്ടിക്കുറവ്‌ വരുത്തുന്നു. ഇതുമൂലം ഈവർഷവും അടുത്തവർഷവും 5710 കോടി രൂപ വീതമാണ്‌ വായ്‌പയിൽ കുറയുന്നത്‌. കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈവർഷത്തെയും അടുത്തവർഷത്തെയും വായ്‌പാനുവാദത്തിൽനിന്ന്‌ കുറയ്‌ക്കുകയെന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ, ദേശീയപാതാ വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട്‌ 6000 കോടി രൂപ നൽകേണ്ടിവന്ന ഏക സംസ്ഥാനവും കേരളമാണെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിന്‌ തുല്യമായ തുക ഈവർഷം ഉപാധിരഹിതമായി കടം എടുക്കാൻ അനുവദിക്കണം. പത്താം ധനകാര്യ കമീഷൻ ശുപാർശ ചെയ്‌ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടായി. ജിഎസ്‌ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും, റവന്യു കമ്മി ഗ്രാന്റ്‌ അവസാനിക്കുന്നതും കടം എടുക്കുന്നത്‌ വലിയതോതിൽ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്‌ വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേക പാക്കേജ്‌ തീരുമാനത്തിനായി ഇവയെല്ലാം പരിഗണിക്കണം. ഒപ്പം, ഈവർഷത്തെ കടമെടുപ്പ്‌ പരിധി ജിഎസ്‌ഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. ഉപാധിരഹിത കടമെടുപ്പ്‌ അനുവാദവും ഉറപ്പാക്കണം. കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിൽ എടുത്ത വായ്‌പ ഈവർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്‌ടിയിലെ കേന്ദ്ര – സംസ്ഥാന നികുതി പങ്ക്‌ വയ്‌ക്കൽ അനുപാതം നിലവിലെ 60:40 എന്നത്‌ 50:50 ആയി പുനർനിർണയിക്കണം. 5000 കോടിയുടെ വിസിൽ പാക്കേജ്‌ വേണം മുലധന നിക്ഷേപ മേഖലയിൽ കേരളം ഗണ്യമായ മുന്നേറ്റമാണ്‌ നടത്തുന്നത്‌. രാജ്യത്തിന്റെ വികസനത്തിൽ നിർണായ പങ്ക്‌ വഹിക്കാൻ ഉതകുമെന്ന്‌ പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനത്തിന്‌ സംസ്ഥാനത്തിന്റെ ഭാഗമായി വലിയ തുക മുടക്കേണ്ടതുണ്ട്‌. അതിനാൽ കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ ‘വിസൽ പാക്കേജ്‌’ പ്രഖ്യാപിക്കണം. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമ്മാണം ഉൾപ്പെടെ പദ്ധതികൾക്കായും അടിയന്തിരമായി 5000 കോടി രൂപ വേണം. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ബജറ്റിൽ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്‌പാ പദ്ധതിയിൽനിന്ന്‌ കേരളത്തിന്‌ സഹായമൊന്നും ലഭിച്ചിട്ടുമില്ല എന്നതും പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

article-image

adsgadfsadfsadfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed