താന്‍ പറയാത്തത് മാധ്യമങ്ങള്‍ പറയരുത്, അങ്ങനെയെങ്കിൽ മാധ്യമങ്ങളില്‍ നിന്ന് അകലും; സുരേഷ് ഗോപി
ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍ തൃശ്ശൂരില്‍ ഒതുങ്ങും എന്ന് വിചാരിക്കരുതെന്നും കേരളത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും എന്റെ ശ്രദ്ധയുണ്ടാകും. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല അമിതഭാരമാണ്. ആ ചുമതല കൃത്യമായി നിര്‍വഹിക്കും. ബിജെപി അന്തസ്സുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. താന്‍ പറയാത്തത് മാധ്യമങ്ങള്‍ പറയരുത്. തന്നെ ദ്രോഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. ദ്രോഹിക്കാന്‍ വന്നാല്‍ പിന്നെ സുഹൃത്തായി തുടരാനാവില്ല. തൃശ്ശൂരിലെ ജനത ബിജെപിക്ക് നല്‍കിയ തങ്കകിരീടമാണ് വിജയം. ഒന്നര വര്‍ഷം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ മുഖവിലക്കെടുക്കില്ല. മാധ്യമങ്ങളെ വിലക്കിയിട്ടില്ല. ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍, ഇത് തെറ്റായി പ്രചരിപ്പിച്ചുവെന്നാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രതികരണം.
acdsdsadsadsasdas