വയനാട്ടിൽ മുസ്‌ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണം; കൂടുതൽ മുസ്‌ലിം സംഘടനകൾ രംഗത്ത്


വയനാട്ടിൽ കോൺഗ്രസിനായി മുസ്‌ലിം സ്ഥാനാർത്ഥി വേണമെന്ന് ആവശ്യവുമായി കൂടുതൽ മുസ്‌ലിം സംഘടനകൾ രംഗത്ത്. രാഹുൽ ഗാന്ധി വയനാട് ഒഴിയുകയാണെങ്കിൽ പകരം മുസ്‌ലിം സ്ഥാനാർത്ഥി വരണമെന്ന ആവശ്യവുമായി ഇപ്പോൾ കാന്തപുരം വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മകനും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കൂടിയായ കാന്തപുരം അബ്ദുൽ ഹക്കീം അസ്ഹരി വയനാട്ടിൽ ഒരു മുസ്ലിം സ്ഥാനാർഥിയെ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു.

'മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് വയനാട്, നേരത്തെ മുസ്‌ലിം സ്ഥാനാർത്ഥികൾ ആയിരുന്നു ഇവിടെ നിന്നും മത്സരിച്ച് വിജയിച്ചിരുന്നത്. 2019ൽ ടി സിദ്ധിഖിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിനുശേഷം ആണ് രാഹുൽ ഗാന്ധി വന്നത്. വയനാട് ഒറ്റക്കെട്ടായി രാഹുൽഗാന്ധിയെ സ്വാഗതം ചെയ്തു. പക്ഷെ പാർലമെന്റിൽ മുസ്‌ലിം അംഗങ്ങൾ കുറവായ സാഹചര്യത്തിൽ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുസ്‌ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തയ്യാറാവണം', അബ്ദുൽ ഹക്കീം അസ്ഹരി ആവശ്യപ്പെട്ടു.

വയനാട്ടിൽ മുസ്ലിം സ്ഥാനാർത്ഥി വേണമെന്ന് നേരത്തെ ഇകെ വിഭാഗം സമസ്ത മുഖപത്രവും ആവശ്യപ്പെട്ടിരുന്നു. സമസ്ത കേരള ജെം ഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിലാണ് ഈ തരത്തിലുള്ള നിർദേശം വന്നിരുന്നത്. ജനസംഖ്യാനുപാതികമായി ഒരു പാർട്ടിയും മുസ്‌ലിം സമുദായത്തിന് പ്രാതിനിധ്യം നൽകാത്തതിനാൽ ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യം അപകടത്തിലാണെന്നും ഇത് തിരുത്താൻ കോൺഗ്രസ് തയ്യാറാവണമെന്നും മുഖപത്രത്തിലുണ്ടായിരുന്നു. രാഹുൽ ഗാന്ധി വരുന്നതിന് മുമ്പ് എം ഐ ഷാനവാസായിരുന്നു രണ്ട് തവണ കോൺഗ്രസിന് വേണ്ടി വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

article-image

sadasddsadfsas

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed