കേന്ദ്രമന്ത്രിമാർ കേരളത്തെ അവഗണിച്ചെന്ന് സുരേഷ് ഗോപി; ശക്തമായി തിരിച്ചടിച്ച് മുൻകേന്ദ്ര മന്ത്രി വി മുരളീധരൻ
വികസനത്തിൽ കൊമ്പുകോർത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുന്‍കേന്ദ്ര മന്ത്രി വി മുരളീധരനും. കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ നടത്തിയ വികസനം പിന്നീട് ആരും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതാണ് ചർച്ചകൾക്ക് ഇടയാക്കിയത്. എന്നാൽ താന്‍ എന്തു ചെയ്തുവെന്ന് ജനങ്ങൾക്ക് അറിയാമെന്ന് വിമുരളീധരന്‍ തിരിച്ചടിച്ചു. തൃശ്ശൂരിൽ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചു.
തൃശ്ശൂർ പൂങ്കുന്നത്തെ മുരളി മന്ദിരത്തിലെത്തി കെ കരുണാകരന്റെയും ഭാര്യയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മടങ്ങുകയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേന്ദ്രമന്ത്രിമാർ കേരളത്തെ അവഗണിച്ചെന്ന സുരേഷ് ഗോപിയുടെ പരാമർശം ഉടനടി ചർച്ചകൾക്ക് വഴിവയ്ക്കുകയായിരുന്നു. സുരേഷ് ഗോപി പറഞ്ഞതിൽ എന്തെങ്കിലും വ്യക്തതക്കുറവ് വന്നിട്ടുണ്ടെങ്കിൽ അദ്ദേഹത്തോട് ഒന്നുകൂടി ചോദിച്ചാൽ അദ്ദേഹം വിശദീകരിക്കുമെന്ന് മാധ്യമങ്ങളോട് വി മുരളീധരന്‍ പ്രതികരിച്ചു. സുരേഷ് ഗോപി തന്നെ സ്വന്തം പ്രസ്താവന തിരുത്തട്ടേയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മുരളീധരന്‍ പ്രതികരണം അവസാനിപ്പിച്ചത്.
കെ. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവെന്നും ഇന്ദിരാഗാന്ധി ആധുനിക ഇന്ത്യയുടെ മാതാവെന്നും തൃശൂരിൽ സുരേഷ്‌ഗോപി പ്രതികരിച്ചിരുന്നു. ഇന്ദിരാഗാന്ധിയെ പ്രശംസിച്ചുള്ള സുരേഷ് ഗോപിയുടെ പരാമർശത്തോട് വി മുരളീധരന്‍ പ്രതികരിച്ചില്ല. വിജയത്തിനുശേഷം തൃശ്ശൂർ ലൂർദ് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചു.
dfgdfg