കെ. കരുണാകരന്‍റെ സ്മൃതിമണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി സുരേഷ് ഗോപി
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. കരുണാകരന്‍റെ മകളും ബിജെപി നേതാവുമായ പത്മജാ വേണുഗോപാലും മറ്റ് ബിജെപി നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തന്‍റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിബന്ധവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവായി താന്‍ കാണുന്നത് കരുണാകരനെയാണ്. അദ്ദേഹം തനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്‍റെ ഭാഷയില്‍ താന്‍ മാനസപുത്രനാണ്. ആ ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയത്. അതില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. കേരളത്തില്‍ എന്തെങ്കിലും വികസനം കൊണ്ടുവന്നിട്ടുള്ളത് കരുണാകരനാണ്. പിന്നീട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ. രാജഗോപാലാണെന്നും സുരേഷ് ഗോപി പറഞ്ഞു.
2019ല്‍ താന്‍ മുരളീമന്ദിരത്തില്‍ എത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിഭിന്ന രാഷ്ട്രീയചേരിയില്‍ ആയതിനാല്‍ പത്മജ തന്നെ നിരുത്‌സാഹപ്പെടുത്തി. പക്ഷെ ഇന്ന് താന്‍ ഒരു പദവിയിലുള്ള ആളാണ്. തന്‍റെ സന്ദര്‍ശനത്തെ കെ. മുരളീധരനും തടയാന്‍ കഴിയില്ല. നേരത്തെ ബിജെപി പ്രവര്‍ത്തകരെ മുരളീമന്ദിരത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. ശാരദ ടീച്ചറിനും മുന്നേ തനിക്ക് അമ്മയായ ആളാണ് കല്യാണിക്കുട്ടിയമ്മ എന്നും അദ്ദേഹം പറഞ്ഞു. ഈ ആത്മാക്കളുടെ പ്രാര്‍ഥന തന്‍റെ പ്രവര്‍ത്തനത്തിന് ബലം പകരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ. നയനാരുടെ വീട്ടിലെത്തി അദ്ദേഹത്തിന്‍റെ ഭാര്യ ശാരദ ടീച്ചറെ സുരേഷ് ഗോപി കണ്ടിരുന്നു. ഒരുപാട് സന്തോഷവും ഈശ്വരാനുഗ്രഹവുമുള്ള ദിവസങ്ങളാണിത്. വികസനത്തില്‍ കേരളത്തിന് മലയാളി എന്ന ചിന്തയാണ് ഉണ്ടാകേണ്ടത്. പ്രാദേശികവാദങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുരളീമന്ദിരം കൂടാതെ തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയിലും അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്. മുമ്പ് അദ്ദേഹം പള്ളിയിലെത്തി മാതാവിന് കിരീടം സമര്‍പ്പിച്ചിരുന്നു. പിന്നീടത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
zcvxxczv