പ്ലസ് വൺ സീറ്റ് 30 ശതമാനം ഉയർത്തി ഏച്ചുകെട്ടൽ; അധ്യാപകർ മൈക്ക് കെട്ടി പഠിപ്പിക്കേണ്ട അവസ്ഥ; പ്രതിപക്ഷനേതാവ്


മലബാറിൽ 30 ശതമാനം സീറ്റ് ഉയർത്തി സർക്കാർ താൽകാലിക ഏച്ചുകെട്ടൽ നടത്തുമ്പോൾ മലബാറിൽ പലയിടത്തും അധ്യാപകർ മൈക്ക് കെട്ടി ക്ലാസെടുക്കേണ്ട ദുരവസ്ഥയിലാവുമെന്നും പഠനനിലവാരം കുത്തനെ ഇടിയുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വർഷങ്ങളായി നിരന്തരം സമരരംഗത്താണ്. കോൺഗ്രസ് ഭരിക്കുന്ന സമയത്ത് ഇത്തരമൊരു പ്രതിസന്ധിയിൽ 1400 പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച് ഉമ്മൻചാണ്ടി സർക്കാർ പരിഹാരം കണ്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത് താൽകാലിക ഏച്ചുകെട്ടലാണ്. സീറ്റുകൾ കുത്തനെ വർധിപ്പിച്ച് 40 കുട്ടികൾ പഠിക്കേണ്ട ഒരു ക്ലാസിൽ 70 കുട്ടികളോളം പഠിക്കേണ്ട ദുരവസ്ഥയിലാക്കി. താൽകാലിക പരിഹാരമെന്നോണം ഒരു വർഷം ചെയ്യുന്നത് നമുക്ക് മനസിലാക്കാം. എന്നാൽ എല്ലാ വർഷവും ഈ അനീതി തുടരുന്നത് ഒരു സർക്കാറിന് ചേർന്നതല്ല. കുട്ടികളുടെ നിർണായക സമയമാണ് ഹയർസെക്കൻഡറി പഠനം. ഈ ദുരവസ്ഥയെ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള ഉത്തരവാദിത്വമുള്ളവർ ഗൗരവത്തിലെടുക്കുന്നില്ല.

മലപ്പുറത്തും കോഴിക്കോടുമെല്ലാം ഹയർ സെക്കൻഡറി സീറ്റ് ബാക്കിയാണെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് മന്ത്രിമാരടക്കം സംസാരിക്കുന്നത്. കേരളത്തിൽ മാറിമാറി വന്ന സർക്കാറുകളുടെ ഒന്നാമത്തെ മുൻഗണന നൽകിയത് വിദ്യാഭ്യാസത്തിനായിരുന്നു. എന്നാൽ പിണറായി സർക്കാറിനെറ ആദ്യ പത്ത് മുൻഗണനകളിൽ വിദ്യാഭ്യാസത്തിന് സ്ഥാനമില്ല. മലബാറിലെ കുട്ടികൾ ഇന്ന് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുകയാണ്. അതിനെ മറ്റു രീതിയിലൊന്നും കാണണ്ട. ഒരുകാലത്ത് പിന്നാക്കം നിന്നിരുന്ന മലബാറിലെ കുട്ടികളാണ് ഇന്ന് രാജ്യത്തെ ഉന്നത മേഖലകളിൽ വലിയ വിദ്യാഭ്യാസ മുന്നേറ്റം നടത്തുന്നത്. അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് സർക്കാറിനെറ ദൗത്വമാണ്. ഈയൊരു പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ കോൺഗ്രസ് സമര രംഗത്തുണ്ടാവുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

article-image

cxxbcvcdfvvbcdbnv

You might also like

Most Viewed