ചേകന്നൂർ മൗലവി തിരോധാന കേസിൽ കാന്തപുരത്തിൻ്റെ ആരോപണങ്ങൾ അവാസ്തവം: ജസ്റ്റിസ് കെമാൽ പാഷ


ചേകന്നൂർ മൗലവി തിരോധാന കേസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കെതിരെ താന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം അവാസ്തവമെന്ന് ജസ്റ്റിസ് കെമാൽ പാഷ. മൗലവി കേസിൽ ഗൂഢാലോചന നടത്തേണ്ട ആവശ്യം തനിക്കില്ല. ചേകന്നൂർ മൗലവിയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാന്തപുരത്തിനെ പ്രതിചേർത്ത് ഉത്തരവിട്ടതെന്ന് കെമാൽ പാഷ പറഞ്ഞു. അത് റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമായി തെറ്റായിരുന്നു. തൻ്റെ നിരീക്ഷണം ശരിയായിരുന്നുവെന്ന് സുപ്രീം കോടതി പിന്നീട് വിധിച്ചുവെന്നും കെമാൽ പാഷ പറഞ്ഞു.

വ്യക്തി വിരോധമാണ് ആരോപണത്തിന് പിന്നിലെന്ന് കെമാൽ പാഷ പറഞ്ഞു. തനിക്കെതിരെ കാന്തപുരം കള്ളകേസുകൾ കൊടുക്കാൻ തുടങ്ങിയതോടെ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറുകയായിരുന്നു. മൗലവി കേസിൻ്റെ വിശദാംശങ്ങളെല്ലാം താൻ എഴുതുന്ന സർവീസ് സ്റ്റോറിയിൽ വിശദമായി രേഖപ്പെടുത്തുമെന്നും കെമാൽ പാഷ പ്രതികരിച്ചു.

ചേകന്നൂർ മൗലവി തിരോധാന കേസിൽ തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നാണ് കാന്തപുരം ആരോപിക്കുന്നത്. തന്നെയും തന്റെ പ്രസ്ഥാനത്തെയും ഇല്ലാതാക്കാനാണ് ചിലർ ശ്രമിച്ചതെന്നും കാന്തപുരം പറയുന്നു. വിശ്വാസപൂർവ്വം എന്ന ആത്മകഥയിലാണ് കാന്തപുരത്തിന്റെ ഗുരുതര ആരോപണം. സിബിഐ പ്രത്യേക കോടതിയിൽ ജഡ്ജി ആയിരിക്കെയാണ് കെമാൽ പാഷ അനാവശ്യ ധൃതി കാണിച്ചതെന്നും കാന്തപുരം ആത്മകഥയില്‍ പറയുന്നു.

article-image

tyhjjujuuyutuyuy

You might also like

Most Viewed