പെരിയാറിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയ സംഭവം; മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് വരാപ്പുഴ അതിരൂപത
പെരിയാറിൽ രാസമാലിന്യം ഒഴുക്കി വിട്ടത് മൂലമാണ് മത്സ്യക്കുരുതി ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നിയമസഭയിൽ വിശദീകരിച്ച മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വരാപ്പുഴ അതിരൂപത സേവ് പെരിയാർ ആക്ഷൻ കൗൺസില്‍. യാഥാർത്ഥ്യങ്ങൾ വെളിച്ചത്തു വരാൻ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആക്ഷൻ കൗൺസില്‍ ആവശ്യപ്പെട്ടു.
മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച കുഫോസിന്റെയും ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെയും റിപ്പോർട്ടുകൾ പരിഗണിക്കാതെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ യാഥാർത്ഥ്യത്തിന് നിരക്കാത്ത റിപ്പോർട്ട് മുഖ്യമന്ത്രി തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നു. ഇതുവഴി ഫിഷറീസ് വകുപ്പ് ശുപാർശ ചെയ്ത 13.55 കോടി രൂപ പോലും മത്സ്യകർഷകർക്ക് കൊടുക്കാതിരിക്കാനുള്ള ആസൂത്രണം ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മഞ്ഞുമ്മലിനും പുറപ്പള്ളിക്കാവിലും ബണ്ട് തുറക്കുമ്പോൾ ഉണ്ടാകാത്ത മത്സ്യക്കുരുതി പാതാളം ബണ്ട് തുറക്കുമ്പോൾ മാത്രം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മത്സ്യ കർഷകർക്ക് ഉണ്ടായ മുഴുവൻ നഷ്ടങ്ങളും കണ്ടെത്തി അവർക്ക് നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
DESWFDFDFD