മകളെ സമ്മർദ്ദത്തിലാക്കി മൊഴി മാറ്റിച്ചു'; പന്തീരാങ്കാവ് കേസ് മൊഴിമാറ്റത്തില്‍ പിതാവ്
മകളുടെ ശരീരത്തിലെ മുറിപ്പാടുകൾ കണ്ടിട്ടാണ് പരാതി നൽകിയതെന്ന് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയുടെ പിതാവ്. മകൾ അത് തിരുത്തിപ്പറഞ്ഞത് സമ്മർദ്ദം കാരണമാണെന്നും പിതാവ് പറഞ്ഞു. രക്ഷപ്പെടാൻ പ്രതി രാഹുൽ ഒരുക്കിയ കെണിയാണിത്. ശരീരത്തിൽ പാടുകൾ കണ്ടതിന്റെയും അവൾ പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. മകളെ കൃത്യമായറിയാം. അവളെ സമ്മർദ്ദത്തിലാക്കിയാണ് മൊഴി മാറ്റിച്ചതെന്നും പിതാവ് പറഞ്ഞു.
മകൾ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണ്. ശനിയാഴ്ച വരെ സംസാരിച്ചിരുന്നതാണ്. ഇന്നലെ മുതല്‍ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. ഞായറാഴ്ചയും തിങ്കളാഴ്ചയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഓഫീസിൽ വിളിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്ന് അറിയിച്ചു. മകൾ രാഹുലിന്റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും പിതാവ് ആരോപിച്ചു. മകൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ അവൾക്ക് പേടിയുണ്ടായിരുന്നു. അല്ലാതെ പരാതി നൽകാൻ ആവശ്യപ്പെട്ട് ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അവൾ എന്റെ പൊന്നുമകളാണ്. അവളെ ഇപ്പോഴും സ്നേഹിക്കുന്നു. അവളുടെ അഭിപ്രായം പറയട്ടേ, എന്നിട്ട് കേസിന്റെ കാര്യത്തിൽ തീരുമാനിക്കുമെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം കേസിലെ മൊഴി മാറ്റി യുവതി രംഗത്തെത്തിയിരുന്നു. സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങൾ തള്ളിയ യുവതി, താൻ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുൽ നിരപരാധിയാണെന്നുമാണ് യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്നുമാണ് പൊലീസ് പറയുന്നത്.
രക്ഷിതാക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്ന് യുവതി പറയുമ്പോൾ മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി മൊഴിമാറ്റി. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്. തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യമെന്നും യുവതി നേരിട്ട് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
FFGFGFGFG