പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കും; നിലപാടിലുറച്ച് കെ. മുരളീധരൻ
ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെട്ടതിന് കാരണം പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളിൽ വന്ന വിള്ളലാണെന്ന് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ. തോൽവിയിൽ ഒരാൾക്കെതിരെയും പരാതി പറഞ്ഞിട്ടില്ല. ഇനി പരാതി പറയുകയുമില്ല. തോൽവിയെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമീഷനെ നിയോഗിക്കേണ്ട ആവശ്യവുമില്ലെന്നും പല തരത്തിലുള്ള അന്വേഷണ കമീഷനെ കണ്ടിട്ടുള്ള ആളാണ് താനെന്നും മുരളീധരൻ വ്യക്തമാക്കി. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. കോൺഗ്രസിന് ഒരുപാട് നേതാക്കളുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സജീവമാകും. അതുവരെ ഒരു ഇടവേള എടുക്കുകയാണ്. വയനാട് സീറ്റ് തരേണ്ട ഒരാവശ്യവുമില്ല. തന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മനഃസ്ഥിതിയിലല്ല ഇപ്പോൾ. രാജ്യസഭയിലേക്ക് ഒരു കാരണവശാലും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ ശ്രമം തുടരുന്നതിനിടെയാണ് അദ്ദേഹം നിലപാട് കടുപ്പിച്ചത്. അപ്രതീക്ഷിതമായ തോൽവിയുണ്ടാകുമ്പോൾ പ്രവർത്തകരിൽ അതിന്റെ പ്രതികരണമുണ്ടാകും. അതാണ് തൃശൂരിലെ ഡി.സി.സി ഓഫിസിലുണ്ടായത്. അതിനെ മറ്റൊരു രീതിയിൽ കാണേണ്ടതില്ല. തൃശൂരിൽ ഒരു കേന്ദ്രമന്ത്രി വന്നാൽ ഗുണകരമാണെന്ന നിലപാട് യുവജന വിഭാഗങ്ങൾക്കുണ്ടായി. ചിലയാളുകൾ വിചാരിച്ചാൽ മാത്രം വോട്ട് മറിയില്ലെന്നും പത്മജ വേണുഗോപാലിനെ പരോക്ഷമായി സൂചിപ്പിച്ച് മുരളീധരൻ പറഞ്ഞു. കേരളത്തിൽ 20ൽ18 സീറ്റുകളിൽ ഒന്നാമതെത്തുകയും 110 മണ്ഡലങ്ങളിൽ കോൺഗ്രസ് ഒന്നാമതെത്തുകയും ചെയ്ത സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന്കെ. സുധാകരനെ മാറ്റരുതെന്നാണ് അഭിപ്രായം. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ അദ്ദേഹം തുടരണമെന്നും ഇക്കാര്യം യു.ഡി.എഫ് നേതൃത്വം പരിഗണിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
sdfsdf