ഒരു ഫയലും അഞ്ചു ദിവസത്തിലധികം വൈകിപ്പിക്കരുത്; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ കര്‍ശന നിര്‍ദേശങ്ങള്‍
കെഎസ്ആര്‍ടിസിയിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ഉപദേശങ്ങളും ശാസനകളുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ ഇല്ലാത്ത സമയത്തും ഓഫീസുകളില്‍ ഫാനും ലൈറ്റും പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് മന്ത്രി. വൈദ്യുതി ലാഭിക്കുന്നതിന്റെ ഭാഗമായി അത്തരം നടപടികള്‍ ഒഴിവാക്കണമെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം.
ഡ്യൂട്ടിക്ക് പോയ സമയത്ത് പുനലൂര്‍ ബസ് സ്റ്റേഷനിലെ സ്റ്റാഫുകള്‍ കിടക്കുന്ന മുറിയിലെ ഫാനും ലൈറ്റും പ്രവര്‍ത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. ഓഫീസിലെത്തുന്ന ഒരു ഫയലും അഞ്ചു ദിവസത്തിലധികം വൈകിപ്പിക്കരുതെന്നും മന്ത്രിയുടെ നിര്‍ദേശം. ഓഫീസിലേക്ക് ഫോണ്‍ വിളിച്ചാല്‍ എടുക്കണം എന്നും മാന്യമായി മറുപടി നല്‍കണമെന്നും മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ശനിയാഴ്ചയും സ്മാര്‍ട്ട് സാറ്റര്‍ഡേ എന്ന പേരില്‍ ഓഫീസ് വൃത്തിയാക്കാന്‍ ജീവനക്കാര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി അറിയിച്ചു. ഗതാഗതയുടെ ഓണ്‍ലൈന്‍ സമ്പര്‍ക്ക പരിപാടിയായ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട് എന്നതിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കകത്തോ പുറത്തോ പോസ്റ്ററുകള്‍ ഒട്ടിക്കരുതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. യൂണിയനുകള്‍ക്ക് അനുവദനീയമായ സ്ഥലത്തുമാത്രം പോസ്റ്ററുകള്‍ ഒട്ടിക്കണം. താന്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ആണെങ്കിലും അത് ഒട്ടിക്കുന്നതില്‍ നിന്ന് യൂണിയനുകള്‍ പിന്മാറണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.