'കെ സുരേന്ദ്രന്‍ വിജയശില്‍പ്പി'; അഭിനന്ദിച്ച് ബിജെപി നേതൃത്വം


ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തിന്റെ 'ക്രെഡിറ്റ്' സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നല്‍കി പാര്‍ട്ടി. ബിജെപിയുടെ കേരളത്തിലെ മികച്ച പ്രകടനത്തിന്റെ വിജയശില്‍പ്പി കെ സുരേന്ദ്രനാണെന്നാണ് പാര്‍ട്ടിയുടെ അഭിനന്ദനം. പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അഭിനന്ദന കുറിപ്പ് പോസ്റ്റിട്ടത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്നാണ് ഫേസ്ബുക്ക് പേജിലെ കുറിപ്പ്.

പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍വരെ നീളുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് -കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളില്‍ തന്റെ പാര്‍ട്ടി കാര്യകര്‍ത്താക്കള്‍ തളരാതിരിക്കുവാന്‍ അവരെ മുന്നില്‍ നിന്നു നയിച്ചു. ഏവര്‍ക്കും പ്രചോദനവും വിജയപ്രതീക്ഷയും നല്‍കിയത് കെ സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു. ഇതോടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ സുരേന്ദ്രന്റെ സ്ഥാനത്തിന് അടുത്തൊന്നും ഇളക്കം തട്ടില്ലെന്ന സൂചനയാണ്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമാര്‍ന്ന വിജയമാണ് കൈവരിച്ചത്. സംസ്ഥാനത്ത് 19 മണ്ഡലങ്ങളിലും 2019ലെ തിരഞ്ഞെടുപ്പിനെക്കാള്‍ ബിജെപി വോട്ടു കുത്തനെ ഉയര്‍ത്തി. താമര ചിഹ്നത്തില്‍ ഇതാദ്യമായി ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായത് മാത്രമല്ല മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചു. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തുമെത്തി.

തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശ്ശൂര്‍ ലോകസ്ഭാ മണ്ഡലങ്ങളില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച്ച വെച്ചത്. മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നായി 37,40,952 വോട്ട് നേടി 19.18 ശതമാനം വോട്ടു വിഹിതവും കരസ്ഥമാക്കി. 2019ലെ തിരഞ്ഞെടുപ്പില്‍ ആകെ 31,71,792 വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. വോട്ട് വിഹിതം 15.56 ശതമാനവും. തൃശ്ശൂരില്‍ 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം.

article-image

dfsdffg

You might also like

  • Lulu Exchange
  • Straight Forward

Most Viewed