സർ‍ക്കാർ‍ ഭൂമി കൈയേറി നിർ‍മിച്ച ആരാധനാലയങ്ങൾ‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി


സർ‍ക്കാർ‍ ഭൂമി കൈയേറി നിർ‍മിച്ച ആരാധനാലയങ്ങൾ‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ‍ ഉൾ‍പ്പെടെ അനുമതിയില്ലാതെ നിർ‍മിച്ച ആരാധനാലങ്ങൾ‍ പൊളിച്ച് മാറ്റാനാണ് നിർ‍ദേശം. പ്ലാന്‍റേഷന്‍ കോർ‍പറേഷന്‍ സമർ‍പ്പിച്ച ഹർ‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് ഹർ‍ജി പരിഗണിച്ചത്.  ചന്ദപ്പള്ളിയിലെ എസ്റ്റേറ്റിനുള്ളിൽ‍ ക്ഷേത്രങ്ങൾ‍ പോലെ ചില നിർ‍മിതികൾ‍ ഉണ്ടെന്ന് കാട്ടിയാണ് പ്ലാന്‍റേഷന്‍ കോർ‍പറേഷന്‍ കോടതിയെ സമീപിച്ചത്. ഇത് നീക്കം ചെയ്യാന്‍ പോലീസിനോടും വനംവകുപ്പിനോടും ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് പറഞ്ഞ് അവർ‍ ഇടപെട്ടില്ലെന്ന് കാട്ടിയായിരുന്നു ഹർ‍ജി. 

എന്നാൽ‍ അനധികൃത ആരാധനാലയങ്ങൾ‍ പൊളിച്ചു നീക്കിയാൽ‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന സർ‍ക്കാർ‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സർ‍ക്കാർ‍ ഭൂമി കൈയേറി നിർ‍മിച്ചത് ഏത് മതത്തിന്‍റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണ്. ഇത്തരം നിർമിതികൾ കണ്ടെത്താന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കണമെന്നും കോടതി നിർ‍ദേശിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ‍ ഇത്തരം നിർ‍മിതികളുടെ പട്ടിക തയാറാക്കണം. ഒരു വർ‍ഷത്തിനുള്ളിൽ‍ ഇവ പൊളിച്ച് നീക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. സർ‍ക്കാർ‍ സ്വീകരിച്ച നടപടികൾ‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണം. ഒരു മതത്തിനും സർ‍ക്കാർ‍ ഭൂമി കൈയേറി ആരാധന നടത്താന്‍ അനുമതി നൽ‍കേണ്ടതില്ല. ഈശ്വരന്‍ തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസമെന്നും കോടതി പറഞ്ഞു.

article-image

hgjkg

You might also like

  • Lulu Exchange
  • Straight Forward

Most Viewed