കാന്‍സില്‍ ഇന്ത്യന്‍ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ന് ഗ്രാൻ പ്രീ പുരസ്‌കാരം
ചലച്ചിത്രമേളയില്‍ ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. പായല്‍ കപാഡിയയുടെ ആദ്യ സംരംഭമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. സീന്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ എന്ന ചിത്രത്തിനാണ് ഇത്തവണത്തെ പാംദോര്‍ പുരസ്‌കാരം. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ മെഗാലോപോളിസ്, സീന്‍ ബേക്കറുടെ അനോറ, യോര്‍ഗോസ് ലാന്തിമോസിന്റെ കൈന്‍ഡ്‌സ് ഓഫ് ദയ, പോള്‍ ഷ്രാഡറിന്റെ ഓ കാനഡ, മാഗ്‌നസ് വോണ്‍ ഹോണിന്റെ ദി ഗേള്‍ വിത്ത് ദ നീഡില്‍, പൗലോ സോറന്റീനോയുടെ പാര്‍ഥെനോപ്പ് എന്നിവയും കാന്‍ ഫെസ്റ്റിവലില്‍ മത്സരിച്ചു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 1994ല്‍ ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം. മുംബൈയില്‍ താമസിക്കുന്ന രണ്ട് നഴ്സുമാരായ പ്രഭയുടെയും അനുവിന്റെയും പ്രണയ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ പറയുന്നത്. കനിക്കും ദിവ്യയ്ക്കുമൊപ്പം അസീസ് ഹനീഫ, ഹൃദു ഹാറൂണ്‍, ലവ്ലീന്‍ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ഇന്തോ−ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമായ ചിത്രം ചോക്ക് ആന്‍ഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനര്‍ പെറ്റിറ്റ് ചാവോസും ചേര്‍ന്നാണ് സഹ നിര്‍മ്മാണം നടത്തിയത്. പായല്‍ കപാഡിയയുടെ എ നൈറ്റ് നോയിങ് നത്തിങ് എന്ന ചിത്രം 2021ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയിരുന്നു.
ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററിലായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രിമിയര്‍ സംഘടിപ്പിച്ചത്. സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റു നിന്ന് കയ്യടിച്ചത്. നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ അംഗീകാരത്തെ നെഞ്ചേറ്റിയത്. കാന്‍ മത്സരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ സംവിധായിക കൂടിയാണ് പായല്‍ കപാഡിയ. അതേസമയം കാന്‍ വേദിയില്‍ എത്തിയ ദിവ്യപ്രഭയുടെയും കനിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍മിഡിയ ഏറ്റെടുത്തുകഴിഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പലസ്തീന്‍ പതാകയെ ഓര്‍മിപ്പിക്കും വിധം തണ്ണിമത്തന്‍ ഡിസൈനിലുള്ള ബാഗുമായാണ് കനി എത്തിയത്.
dsfdsf