ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി അമേരിക്ക
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സ്റ്റീൽ, സോളാർ സെല്ലുകൾ, അലുമിനിയം എന്നിവയ്ക്കാണ് കനത്ത ഇറക്കുമതി തീരുവ ചുമത്തിയത്. ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം താരിഫ്, അർധ ചാലകങ്ങൾക്ക് 50 ശതമാനം താരിഫ്, ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹന ബാറ്ററികൾക്ക് 25 ശതമാനം വീതം താരിഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബൈഡൻ തീരുമാനം അറിയിച്ചത്. “അമേരിക്കയിലെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന ഏത് തരത്തിലുള്ള കാറും വാങ്ങുന്നത് തുടരാം. എന്നാൽ ഈ കാറുകളുടെ വിപണിയെ അന്യായമായി നിയന്ത്രിക്കാൻ ഞങ്ങൾ ഒരിക്കലും ചൈനയെ അനുവദിക്കില്ല. എനിക്ക് ചൈനയുമായി ന്യായമായ മത്സരമാണ് വേണ്ടത്, സംഘർഷമല്ല’.−ബൈഡൻ പറഞ്ഞു. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ചൈന നയത്തിനെതിരെയും ബൈഡൻ ആഞ്ഞടിച്ചു.
അമേരിക്കൻ കയറ്റുമതിയും ഉൽപ്പാദനവും വർധിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെന്നും പക്ഷേ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തി. അതേസമയം, നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുമ്പോൾ അമേരിക്ക−ചൈന വ്യാപാര യുദ്ധത്തിന് ഇത് ആക്കം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയില്‍ നിരോധിക്കണമെന്ന ആവശ്യം യുഎസ് സെനറ്ററായ ഷെറോഡ് ബ്രൗണ്‍ ജോ ബൈഡന് മുന്നില്‍ ഉന്നയിച്ചിരുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയിലെ വാഹന വ്യവസായ മേഖലയ്ക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് സെനറ്ററായ ഷെറോഡ് ബ്രൗണ്‍ പ്രസിഡന്‍റ് ബൈഡനോട് ആവശ്യപ്പെട്ടിരുന്നത്. ചൈനീസ് കമ്പനികള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് അനുബന്ധ കമ്പനികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചൈന വിരുദ്ധത തെളിയിക്കുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കമായും ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നുണ്ട്.
vfgcdg