പന്നിവൃക്ക സ്വീകരിച്ച് ചരിത്രംസൃഷ്ടിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച് ചരിത്രംസൃഷ്ടിച്ച അമേരിക്കക്കാരൻ റിച്ചാർഡ് സ്ലേമാൻ (62) അന്തരിച്ചു. പന്നിവൃക്ക ശരീരത്തിൽ ഘടിപ്പിച്ച് രണ്ടു മാസത്തിനുശേഷം സംഭവിച്ച മരണത്തിന്‍റെ കാരണം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടില്ല. അതേസമയം, അവയവം മാറ്റിവച്ചതുമായി ബന്ധപ്പെട്ടല്ല മരണമെന്ന് ശസ്ത്രക്രിയ നടത്തിയ മാസച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജനിതക എഡിറ്റിംഗ് സാങ്കേതികവിദ്യയായ ക്രിസ്പർ− കേസ് 9 ഉപയോഗിച്ച് മാറ്റംവരുത്തിയ പന്നിവൃക്കയാണ് റിച്ചാർഡ് സ്ലേമാന് രണ്ടു മാസം മുന്പ് മാസച്ചുസെറ്റ്സ് ആശുപത്രിയിൽ ഘടിപ്പിച്ചത്. ടൈപ് രണ്ട് പ്രമേഹരോഗിയായ അദ്ദേഹം വർഷങ്ങളോളം ഡയാലിസിസിനു വിധേയനായിരുന്നു.
2018ൽ മനുഷ്യവൃക്ക സ്വീകരിച്ചെങ്കിലും അഞ്ചു വർഷത്തിനുശേഷം അതു പ്രവർത്തനരഹിതമായി. വീണ്ടും ഡയാലിസിസ് ആരംഭിച്ച സാഹചര്യത്തിലാണു പന്നിവൃക്ക സ്വീകരിക്കാൻ തയാറായത്. സ്ലേമാന്‍റെ ശരീരം പന്നിവൃക്കയോടു പൊരുത്തപ്പെട്ടത് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായി വിലയിരുത്തപ്പെട്ടു. ഇജെനസിസ് എന്ന കന്പനിയാണ് ജീൻ എഡിറ്റിംഗിലൂടെ പന്നിവൃക്കയ്ക്കു മാറ്റം വരുത്തിയത്.
jhfgjgh