ഇന്ത്യ നൽകിയ എയർക്രാഫ്റ്റുകൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ തങ്ങളുടെ സൈന്യത്തിലില്ലെന്ന് മാലദ്വീപ്
ഇന്ത്യ നൽകിയ എയർക്രാഫ്റ്റുകൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ തങ്ങളുടെ സൈന്യത്തിലില്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി ഖസ്സൻ മൗമൂൻ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഹെലികോപ്റ്റർ പറത്താൻ ഏതാനും സൈനികർക്ക് പരിശീലനം ആരംഭിച്ചിരുന്നെങ്കിലും അത് പൂർത്തിയാക്കാനായില്ല. നിലവിൽ ഈ എയർക്രാഫ്റ്റുകൾ ഓപ്പറേറ്റു ചെയ്യാൻ ലൈസൻസുള്ള ആരും മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ദ്വീപ് രാഷ്ട്രത്തിൽനിന്ന് അവസാനത്തെ ഇന്ത്യൻ സൈനികനും പിൻവാങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മാലദ്വീപ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തുവന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാലദ്വീപിൽനിന്ന് അവസാനത്തെ ഇന്ത്യൻ സൈനികനും തിരികെയെത്തിയത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടതു പ്രകാരമാണ് ദ്വീപിലെ ഇന്ത്യൻ സൈനികരെ പൂർണമായും പിൻവലിച്ചത്. കഴിഞ്ഞ നവംബറിൽ അധികാരമേറ്റ മുയിസു, ചൈനാ അനുകൂല നിലപാടുകൾ സ്വീകരിച്ചതോടെയാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണത്. ഇന്ത്യൻ സൈന്യത്തെ ദ്വീപിൽ വിന്യസിക്കുന്നത് പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് മുയിസു പറഞ്ഞു. മെഡിക്കൽ സഹായത്തിനുൾപ്പെടെ ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയർ എയർക്രാഫ്റ്റും ഓപ്പറേറ്റ് ചെയ്യാനായിരുന്നു 77 സൈനികരെ ദ്വീപിൽ നിർത്തിയിരുന്നത്. മേയ് പത്തോടെ സൈനികരെ പൂർണമായി പിൻവലിക്കാമെന്ന് ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. അതേസമയം സെനഹിയ മിലിറ്ററി ഹോസ്പിറ്റലിലുള്ള ഇന്ത്യൻ ഡോക്ടർമാരെ മാലദ്വീപ് അവിടെ നിലനിർത്തിയിട്ടുണ്ട്.
szczc